
കാലേബിന്റെ മകളായ അക്‌സാ, അക്‌സയുടെ ജീവിത വഴിത്താരയുടെ വാതയാനം തുറന്ന് ഒത്‌നിയേല്‍ പ്രവേശിക്കുന്നു. കുടുംബിനി ആയവള്‍ തുടക്കത്തില്‍തന്നെ ജീവിതത്തെ ഗൗരവമായ് കാണുന്നു. ഭൗമീക കാര്യങ്ങളില്‍ ശ്രദ്ധ വെച്ചിരുന്ന അക്‌സാ, തനിക്ക് ലഭിച്ച ഭൂമിയില്‍ നീരുറവയുടെ അഭാവം കാണുന്നു. ആ കുറവ് ഒട്ടും ചെറുതല്ലായെന്ന് തിരിച്ചറിഞ്ഞ് അത് സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. ആഗ്രഹം ഉള്ളില്‍ അലതല്ലുമ്പോള്‍ പിതാവിന്റെ ചോദ്യം, നീ എന്താണ് ആഗ്രഹിക്കുന്നത് എന്ന്? ആഗ്രഹം തുറന്നു പറഞ്ഞ അക്‌സയ്ക്ക് മലയിലും, താഴ്വരയിലും ‘നീരുറവ’കൊടുത്തു. വേനല്‍ക്കാലത്ത് കിണറ്റിലെ വെള്ളം പതിവായി വറ്റുമ്പോള്‍ ഏതൊരു വ്യക്തിയും ആഗ്രഹിക്കും ഉറവയുള്ള അല്പം ഭൂമി സ്വന്തമായ് ഉണ്ടായിരുന്നെങ്കിലെന്ന്. വാങ്ങുന്ന, അല്ലെങ്കില്‍ ലഭിക്കുന്ന ഭൂമിയില്‍, ആദ്യം തേടുക നീരുറവ ആണ്. ജീവന്‍ നിലനിര്‍ത്താന്‍ ജലം അത്യന്താപേക്ഷിതമാണ്. അത് നി ത്യോപയോഗ വസ്തുവുമാണ്.
ജീവിതത്തില്‍ ഒരു മനുഷ്യന് അവശ്യ ഘടകമാണ് വെള്ളം. മാലിന്യം അകലുമ്പോള്‍ ദുര്‍ഗന്ധം അകലുന്നു ശോഭ വര്‍ദ്ധിക്കുന്നു. ആരോഗ്യം മെച്ചപ്പെടുന്നു. നീരുറവയുടെ ആവശ്യകതയും അതില്‍ നിന്നും ലഭ്യമാകുന്ന നന്മയും മനസ്സിലാക്കി നീരുറവ സ്വന്തമാക്കിയ സാമര്‍ത്ഥ്യമുള്ള ഭാര്യ അക്‌സാ (സദൃ:31:16). ഭൗമീകമായ നീരുറവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം നയിച്ചവള്‍ എന്ന് അക്‌സയെ കരുതുന്നവരുണ്ടാകാം, ഒരു നിമിഷം നമുക്ക് നോക്കാം ആ കുടുംബത്തെ ദൈവം എങ്ങനെ മാനിച്ചു എന്ന്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട യിസ്രായേല്‍ ജനം ദൈവം തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വവും ദൈവത്തില്‍ നിന്നും ലഭിച്ച നന്മകളെയും മറന്ന് യഹോവയ്ക്ക് അനിഷ്ടമായത് പ്രവര്‍ത്തിച്ചതു കൊണ്ട് ദൈവകോപം അവരുടെ മേല്‍ ജ്വലിച്ചു. യിസ്രായേല്‍ ജനത്തിന്റെ നിലവിളി ദൈവ സന്നിധിയില്‍ എത്തിയപ്പോള്‍ തന്റെ സ്വന്ത ജനത്തിന്റെ കണ്ണീരിന്റെ മുന്‍പില്‍ മനസ്സലിയുന്ന കരുണാമയനായ ദൈവം ഈ ജനത്തെ രക്ഷിക്കേണ്ടതിന് രക്ഷകനായ് തെരെഞ്ഞെടുത്തത് ഒത്‌നിയേലിനെ ആയിരുന്നു.
ന്യായമായും നമുക്ക് ഇങ്ങനെ ചിന്തിക്കാം, സ്വജനത്തിലുള്ളവര്‍ യോഗ്യമല്ലാത്ത ജീവിതം നയിക്കുമ്പോള്‍ ദൈവഭക്തിയോടെ ദൈവം ഉയര്‍ത്തുവാന്‍ തക്ക വിധം ആ കുടുംബം തങ്ങളെ തന്നെ മലിനപ്പെടുത്താതെ, ശോഭ ഉള്ളതായ് ദൈവമുമ്പാകെ നില്‍ക്കേണ്ടതിന് ദൈവീക കല്പനകള്‍ ആയ നീരുറവയില്‍ നിന്നും ദാഹവും വിശപ്പും ശമിപ്പിച്ച്, മാലിന്യം അകറ്റി ദൈവേഷ്ടം മനസ്സിലാക്കി ജീവിച്ചതു കൊണ്ട് ഒത്‌നീയേലിനെ യിസ്രായേല്‍ ജനത്തിന് രക്ഷകനായി എഴുന്നേല്പിച്ച് ദൈവം ആ കുടുംബത്തെ മാനിക്കുന്നു (ന്യായാ:3:9).
ഏതൊരു പുരുഷന്റെയും ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഒരു സ്ത്രീ ഉണ്ട്. സദൃശ്യ:31:23 – സാമര്‍ത്ഥ്യമുള്ള ഭാര്യയെക്കുറിച്ച് പറയുന്നു അവളുടെ ഭര്‍ത്താവ് പട്ടണവാതില്‍ക്കല്‍ പ്രസിദ്ധനാകുന്നു. ഇവിടെ യിസ്രായേല്‍ ജനത്തിന് മുഴുവന്‍ രക്ഷകനായ് അക്‌സയുടെ ഭര്‍ത്താവായ ഒത്‌നിയേലിനെ ദൈവം ഉയര്‍ത്തിയിരി ക്കുന്നു. പലവിധമായ കഷ്ടത അനുഭവിക്കുന്ന ജനത്തിന് തന്റെ ജീവിതകാലം മുഴുവന്‍ ആശ്വാസമായ് നിലനില്‍ക്കുവാന്‍ സാധിച്ചു. കുടുംബത്തെ ശിഥിലമാക്കുവാനും പിന്നില്‍ നിന്ന് എല്ലാ നിലയിലും ഉയര്‍ത്തുവാനും ഭാര്യയ്ക്ക് സാധിക്കുമല്ലോ. കുടുംബത്തില്‍ ഭാര്യ, അമ്മ എന്നീ പദവികള്‍ അലങ്കരിക്കുന്ന നാമോരോരുത്തരും നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം തിരിച്ചറിഞ്ഞാണോ പങ്കാളിയോടും മക്കളോടും ഒപ്പം ജീവിത നൗക തുഴയുന്നത്. അവര്‍ പ്രശംസിക്കപ്പെടുവാന്‍ ഭാര്യ, അമ്മ എന്നീ നിലയില്‍ നമ്മുടെ പിന്തുണയും ഉണ്ടാകണം.
അക്‌സയുടെ ജീവിതത്തിലും നിരാശപ്പെട്ടു പോകുവാന്‍ സാധ്യതയുള്ള ജീവിതസാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ ചെയ്ത തെറ്റുകളുടെ ശിക്ഷയായ് രോഗം, പീഡനം, മരണം ഒക്കെ അവര്‍ നേരിട്ടു. ഇന്ന് നാമും ഭയം, രോഗം, വേര്‍പാട്, നഷ്ടം ഇവയുടെ മുന്നില്‍ പകച്ചുനില്‍ക്കുന്ന വരാകാം. എന്നാല്‍ ഇതിനെ മറികടന്ന് പ്രത്യാശയുടെ കിളിവാതില്‍ തുറന്ന് പുതുജീവന്റെ പൊന്‍പുലരി കാട്ടിത്തരുന്ന ദൈവവചനം (ബൈബിള്‍) ആകുന്ന നീരുറവ സ്വന്തമാക്കാം, അതിനരികിലേക്ക് പോകാം….
ഈ നീരുറവയുടെ പ്രത്യേകതകള്‍ ചുരുക്കത്തില്‍;
- ശാരീരികവും ആത്മീയകവുമായ ജീവന്റെ നിലനില്‍പ്പിന് ഉത്തമം.
- മാലിന്യമകറ്റി സ്വന്തമായും മറ്റുള്ളവര്‍ക്കും സൗരഭ്യം കൊടുക്കാന്‍ ഉത്തമം.
- ഉള്ളിലുള്ള ഏകാന്തതയും ശൂന്യതയും അകറ്റി പ്രതീക്ഷയുടെ പുതിയ അധ്യായം തുറക്കുന്നതിന് ഉത്തമം.
സര്‍വ്വോപരി ഈ ബൈബിള്‍ ആകുന്ന നീരുറവ നാം മലിനപ്പെട്ട് ജീവിക്കുന്ന അവസ്ഥയിലും നമുക്ക് വേണ്ടി പ്രാണനെ തന്ന് സ്‌നേഹിച്ച സ്‌നേഹിതനെ പരിചയപ്പെടുത്തിത്തരുന്നു. സ്വര്‍ഗ്ഗം ഒരുക്കി സന്തോഷവും സമാധാനവും ആസ്വദിക്കാന്‍ നമ്മെ ക്ഷണിക്കുന്നതിന്റെ സംഭവം ഒരു കഥ പോലെ പറഞ്ഞു തരും ഈ നീരുറവ. അതിനരികിലേക്ക് പോകാം…. അനുഗ്രഹം പ്രാപിക്കാം….