സഹോദരിമാരുടെ ആത്മീക ഉന്നമനത്തിനും അവരെ സുവിശേഷവത്ക്കരണത്തിനു സജ്ജരാക്കുന്നതിനും പ്രാര്‍ത്ഥന യില്‍ പോരാടുന്നതിനും പ്രായോഗിക ക്രിസ്തീയജീവിതത്തിനു വ്യക്തമായ അവബോധം നല്കുന്നതിനും ലക്ഷ്യമിട്ട് 2018 സെപ്റ്റംബര്‍ മാസം ആരംഭിച്ച ഒരു പ്രസിദ്ധീകരണമാണ് ക്രിസ്തീയ സോദരി ദ്വൈമാസിക. പിന്നിട്ട വഴികളെക്കുറിച്ചോര്‍ക്കു മ്പോള്‍ ദൈവത്തിനു എത്ര നന്ദി അര്‍പ്പിച്ചാലും മതിയാവുകയില്ല.

ചുരുക്കം ചില സഹോദരിമാരുമായി ഈ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ക്രിസ്തീയസോദരിക്കു വേണ്ടത്ര എഴുത്തുകാരുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതുവാന്‍ കഴിവും കൃപയും ലഭിച്ച സഹോദരിമാരെ കണ്ടെത്തുവാനും അവരെ പ്രോത്സാഹിപ്പിക്കുവാനും സോദരിക്കു സാധിച്ചിട്ടുണ്ട്. മാത്രമല്ല, ശക്തരായ എഴുത്തുകാരെ വാര്‍ത്തെടുക്കേണ്ടതിന് ക്രിസ്തീയ സോദരിയുടെ നേതൃത്വത്തില്‍ എഴുത്തുകാര്‍ക്കു വേണ്ടിയുള്ള ക്ലാസ്സുകളും വര്‍ക്ക്‌ഷോപ്പുകളും നടന്നു വരുന്നു, ഒപ്പം സോദരി റൈറ്റേഴ്‌സ് എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്‌സാപ്പ് കൂട്ടായ്മയും.
ക്രിസ്തീയസോദരിയുടെ ഓരോ ലക്കങ്ങളും മനോഹരമാക്കുന്നതിനു പിന്നില്‍ കര്‍മ്മനിരതരായി, ഊര്‍ജ്ജസ്വലതയോടെ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു ടീം തന്നെയുണ്ട്. അവരുടെ നിസ്വാര്‍ത്ഥമായ സഹകരണവും പ്രവര്‍ത്തനവും സോദരിയുടെ വളര്‍ച്ചക്ക് ഏറെ സഹായമായിത്തീര്‍ന്നിട്ടുണ്ട്.

ക്രിസ്തീയസോദരി മാഗസിനോടു അനുബന്ധമായി പ്രവര്‍ത്തിക്കുന്ന വാട്ട്‌സാപ്പ് കൂട്ടായ്മകളിലൂടെയും ധാരാളം ശുശ്രൂഷകള്‍ നടന്നു വരുന്നു. അത് സഹോദരിമാരുടെ ആത്മീകവളര്‍ച്ചയ്ക്കു വളരെയധികം പങ്കു വഹിക്കുന്നുണ്ട്. അതിന്റെ പിന്നിലും സഹോദരിമാരുടെ കൂട്ടായ പ്രവര്‍ത്തനമാണുള്ളത്. ഗുരുമൊഴി, ഗുരുചരണം, ഗുരുഭാഷ്യം, കഥാപാത്രപഠനം, ബൈബിള്‍ സ്റ്റഡി, ബൈബിള്‍ ക്വിസ്സ്, ചെയിന്‍ പ്രെയര്‍, ഗ്രൂപ്പ് പ്രെയര്‍ പുലര്‍കാലഗീതം, സായാഹ്നഗീതം തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ അതിലുണ്ട്. സൂമിലും ശുശ്രൂഷകള്‍ നടക്കുന്നുണ്ട്. മലയാളത്തിലും തമിഴിലും ഇപ്പോള്‍ ഹിന്ദിയിലും ക്രിസ്തീയസോദരിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രായഭേദമെന്യേ ധാരാളം സഹോദരിമാര്‍ സോദരിയുടെ ഭാഗമായി മാറിയിരിക്കുന്നു.

സോദരിയുടെ ആരംഭം മുതല്‍ ഞങ്ങളോടൊപ്പം യാത്രചെയ്ത ഞങ്ങളുടെ സോദരി ഹന്നമോളുടെ വേര്‍പാട് ഞങ്ങളെ ഏറെ ദുഃഖിതരാക്കുന്നു. എങ്കിലും ദൈവോദ്ദേശത്തെ ഞങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നു.

ക്രിസ്തീയ സോദരി ഒരു ആത്മീക ശുശ്രൂഷയാണ്. ഈ ശുശ്രൂഷയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും പ്രോത്സാഹനാര്‍ഹമായ വാക്കുകള്‍ തന്നവര്‍ക്കും ക്രിസ്തീയസോദരിയെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച ഞങ്ങളുടെ ബഹുമാന്യ വായനക്കാര്‍ക്കും സോദരിയിലെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയപൂർവം നന്ദി. (എഡിറ്റർ)