ഓപ്പറേഷൻ ഗംഗ, യുക്രെയിനിൽ നടക്കുന്ന സംഘർഷാവസ്ഥയിൽ നിന്നും ഭാരതീയരെ രക്ഷപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച പദ്ധതിയാണിത്. സമയോചിതമായി ആരംഭിച്ച ഈ ദൗത്യത്തിലൂടെ ഇന്ത്യയിൽ നിന്നും ഉള്ളവരെ സ്വന്തനാട്ടിലേക്ക് മടക്കിക്കൊണ്ടു വരാൻ കഴിഞ്ഞത് പ്രശംസനീയമാണ്.  

നൂറ്റാണ്ടുകൾക്ക് മുമ്പ് സർവ്വശക്തനായ ദൈവം ഇതുപോലൊരു ദൗത്യനിർവ്വഹണം പദ്ധതിയിട്ടിരുന്നു. ഇന്ന് അതിന്റെ അന്തിമഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. പാപം നിമിത്തം നശിച്ചു പൊയ്ക്കൊണ്ടിരുന്ന നമ്മെ ഓരോരുത്തരെയും തിരികെ കൊണ്ടുവരാനായി ദൈവം തന്റെ സ്വന്തപുത്രനെ തന്നെ ഈ ഭൂമിയിലേക്ക് അയച്ചാണ് ദൈവീക ദൗത്യത്തിന് തുടക്കമിട്ടത്. അതിനായി യേശുക്രിസ്തു എന്ന ലോകരക്ഷകൻ ക്രൂശിന്മേൽ യാഗമാകേണ്ടി വന്നു. ആ യാഗമരണത്തിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് അവകാശികളായിത്തീരുന്നു. അങ്ങനെ ദൈവീകബന്ധത്തിലേക്ക് വരുന്നവരുടെ ജീവിതം സുരക്ഷിതമാവുകയും ചെയ്യുന്നു. ഈ ദൈവീകപദ്ധതിയെ തിരസ്ക്കരിക്കുന്നവർ നാശത്തിന് പാത്രമായിത്തീരും എന്ന് മാത്രമല്ല, ദൈവീക ഉദ്ദേശം അവരിൽ നിറവേറപ്പെടുകയില്ല.

നമ്മെ ഓരോരുത്തരെയുംക്കുറിച്ചുള്ള ദൈവീകപദ്ധതി നാം തിരിച്ചറിഞ്ഞാൽ മാത്രമേ ദൈവീകദൗത്യത്തെക്കുറിച്ച് നമുക്കു മനസ്സിലാക്കുവാൻ സാധിക്കൂ. നമ്മിലേക്ക് എത്തിയ ദൈവീക വെളിച്ചം നമ്മുടെ മാത്രം അവകാശമല്ല. ദൗത്യവാഹകരാകുവാൻ വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും. നമ്മെ ഓരോരുത്തരെയും ദൈവം ഏല്പിച്ചിരിക്കുന്ന കർത്തവ്യം നമുക്ക് നിറപടിയായി നിവർത്തിക്കാം. നമ്മുടെ സമസൃഷ്ടികൾ ഈ ദൈവീക ദൗത്യത്തിന്റെ ഭാഗമാകേണ്ടവരാണ്. അതുകൊണ്ട് വളരെ ജാഗ്രതയോടും ഐക്യത്തോടും കൂടെ ഈ ദൈവീകദൗത്യത്തിൽ നമുക്ക് പങ്കാളികളാകാം.

“Expect great things from God & attempt great things for God…” William Carey.