എന്റെ പേര് ജെമി റോസ് അലക്സ്. സുവിശേഷകൻ അലക്സ് കാഞ്ഞൂപ്പറമ്പിന്റെയും എൽസി അലക്സിന്റെയും മൂത്തമകൾ. അനുജത്തി ഫേബാ സാറാ അലക്സ്, ഫിസിയോ തെറാപ്പി വിദ്യാർഥിനിയാണ്.
കോട്ടയം ജില്ലയിലെ പൊൻകുന്നം ബ്രദറൺ സഭാംഗമായ ഞാൻ ബാല്യത്തിൽ തന്നെ കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുകയും പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കർത്താവിനെ ജലത്തിൽ സാക്ഷീകരിക്കുകയും ചെയ്തു.
കത്തോലിക്ക കുടുംബത്തിൽ നിന്നും ഏകനായി വിശ്വാസത്തിലേക്കു വന്ന ഞങ്ങളുടെ പപ്പ, സുവിശേഷ പ്രവർത്തനത്തിനായി സ്വദേശമായ കുട്ടനാട്ടിൽ നിന്നും കോട്ടയം ജില്ലയിലെ കാത്തിരപ്പള്ളിയിൽ സ്ഥിര താമസമാക്കി. എന്റെ ചെറിയ പ്രായത്തിൽ, ബിസിനസ്സുകാരായ പപ്പയുടെ ബന്ധുക്കളുടെ ജീവിത സൗകര്യങ്ങൾ കാണുമ്പോഴൊക്കെ ഞാൻ മനസ്സിൽ ചിന്തിക്കുമായിരുന്നു എന്റെ പപ്പയും ഒരു ബിസിനസ്സുകാരൻ ആയിരുന്നെങ്കിലെന്ന്. ഭൗമിക സൗകര്യങ്ങളെക്കാൾ വിലയേറിയതാണ് ക്രിസ്തുവിലുള്ള സന്തോഷമെന്ന് പഠിപ്പിച്ച പപ്പ കാൽനടയായി പോയി കാഞ്ഞിരപ്പള്ളിയിലുള്ള അക്രൈസ്തവരോട് സുവിശേഷം പറയുന്നത് കണ്ടാണ് ഞാൻ വളർന്നത്.
ഭവനത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് ബാല്യത്തിൽ എന്നെ ഏറെ വിഷമിപ്പിച്ചിരുന്നു. ഏതു സാഹചര്യത്തിലും ക്രിസ്തുവിലുള്ള സന്തോഷം അനുഭവിച്ച് ജീവിക്കണമെന്ന് പപ്പയും മമ്മിയും പറഞ്ഞു തരുമ്പോൾ, കുട്ടിയായ എനിക്ക് അത് മനസ്സിലാക്കുവാൻ സാധിച്ചിരുന്നില്ല. ഞാൻ എന്തെങ്കിലും ആവശ്യങ്ങൾ പപ്പയോട് പറയുമ്പോൾ “മോള് പ്രാർത്ഥിക്ക്, യേശു അപ്പച്ചൻ തരും” എന്നുള്ള പപ്പയുടെ സ്ഥിരം മറുപടി കേട്ട് ഞാൻ മടുത്തിരുന്നു. എങ്കിലും എന്റെ ആവശ്യങ്ങൾ നേരിട്ട് യേശു അപ്പച്ചനോട് പറയാൻ തുടങ്ങി. അങ്ങനെ പ്രാർത്ഥനയുടെ ശക്തി ബാല്യത്തിൽ തന്നെ അനുഭവിച്ചറിയാൻ എനിക്കു സാധിച്ചിരുന്നു.
പന്ത്രണ്ടാം ക്ലാസ് വരെ വീടിനു അടുത്തുള്ള രണ്ടു സ്കൂളുകളിലാണ് ഞാൻ പഠിച്ചത്. എല്ലാ മാസവും ഫീസ് അടക്കേണ്ട ദിവസം പപ്പയും മമ്മിയും ഉപവാസം ആയിരിക്കും. കൃത്യം ഫീസ് അടക്കേണ്ട തുക ദൈവം എനിക്ക് തരുമായിരുന്നു. പ്രാർത്ഥന കൂടാതെ ഒന്നും ജീവിതത്തിൽ സാധ്യമല്ല എന്ന് ഓരോ തവണയും ദൈവം എന്നെ പഠിപ്പിച്ചുകൊണ്ടേയിരുന്നു. പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞ് ബി.എസ്.സി നേഴ്സിങ് പഠനത്തിനായി ഞാൻ ഡൽഹിയിലേക്ക് പോയി. പഠന ശേഷം കുറച്ച് നാൾ അവിടെ തന്നെ ജോലി ചെയ്തു. പിന്നീട് മുംബൈയിലേക്കും.
2018 – ൽ മുംബൈയിൽ നിന്നും ജോലി രാജി വെച്ച് നാട്ടിലേക്ക് വന്നു. വിദേശത്ത് പോകുവാൻ വേണ്ടി പല കോഴ്സുകളും പഠിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു വിവാഹ ആലോചന വന്നത്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിച്ചിരുന്ന എന്നെ കാത്തു നിൽക്കുന്നത് രോഗകിടക്കയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. മഴക്കാലമായതിനാൽ ഇടയ്ക്കിടക്ക് വരുന്ന തലവേദനയും പനിയും അത്ര കാര്യമാക്കിയില്ല. നിനച്ചിരിക്കാത്ത സമയത്താണ് പനി എന്റെ ശരീരത്തെ തളർത്തിയത്. കേരളത്തിലെ മൂന്ന് ഹോസ്പിറ്റലുകളിൽ ആഴ്ച്ചകളോളം കിടന്ന് ചികിത്സിച്ചു. ഹോസ്പിറ്റൽ ബിൽ കൂടുന്നത് അല്ലാതെ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. വിവാഹനിശ്ചയത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേയാണ് മെനെഞ്ചൈറ്റിസ് (Meningitis) എന്ന രോഗം എന്നിൽ പിടിമുറുക്കിയത്. കണ്ണിന്റെ കാഴ്ച മങ്ങി തുടങ്ങി, ജീവിതം മരവിച്ച അവസ്ഥ. രോഗ കിടക്കയിൽ കിടന്ന് ഞാൻ കണ്ണീരോടെ പ്രാർത്ഥിച്ചു, എന്നെ കാണാൻ വരണമെന്ന് ഞാൻ ആഗ്രഹിച്ച പലരും കാണുവാനോ, കാര്യങ്ങൾ അന്വേഷിക്കാനോ വന്നില്ല. അത് എന്റെ മനസ്സിനെയും അതോടൊപ്പം ശരീരത്തെയും തളർത്തിയപ്പോൾ ചികിത്സ ഫലിക്കാതെയായി. ഒരു നേഴ്സായി അനേക രോഗികളെ ഐ.സി.യുവിൽ ശുശ്രൂഷിച്ച ഞാൻ അതേ കിടക്കയിൽ മനസ്സും ശരീരവും തളർന്ന് ഒരു രോഗിയായി തീർന്ന ദിവസങ്ങൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു.
വിവാഹം നടത്തുവാൻ നിശ്ചയിച്ചിരുന്ന ദിവസം ഞാൻ ഐ.സി.യുവിൽ ആയിരുന്നു. എന്റെ രോഗാവസ്ഥ ഒന്നും അറിയാതെ വാട്ട്സാപ്പ് , ഫെയ്സ്ബുക്ക് വഴി എനിക്ക് വിവാഹാശംസകൾ അയച്ച എന്റെ കൂട്ടുകാരോട് എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ വിങ്ങിപ്പൊട്ടി കരഞ്ഞു. കൂട്ടുകാരോടെല്ലാം പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചും, ക്രിസ്തുവിനെക്കുറിച്ചുമെല്ലാം വാതോരാതെ പറഞ്ഞ എനിക്ക് ഈ അവസ്ഥ വന്നു എന്ന് അറിയുമ്പോൾ എന്ത് വിചാരിക്കും എന്ന് കരുതി ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. ജീവിത സ്വപ്നങ്ങൾ തല്ലിത്തകർത്ത ഈ രോഗാവസ്ഥയെ മനസ്സു കൊണ്ട് ഉൾകൊള്ളാൻ എനിക്ക് സാധിച്ചില്ല. ‘മരണം’ എന്ന മഹാഭയം എന്നിൽ നിറഞ്ഞു നിന്നു. ആരോടും ഒന്നും പറയുവാൻ എനിക്ക് തോന്നിയില്ല. എന്റെ ഉള്ളിലെ വിഷമം മനസ്സിലാക്കി എന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിക്കുന്ന പപ്പയെയും മമ്മിയെയും, ഇതൊന്നും അറിയാതെ, ചേച്ചിയുടെ വിവാഹത്തിനായി കോളേജിൽ നിന്നും അവധി എടുത്ത് നാട്ടിലേക്കെത്തുന്ന എന്റെ അനിയത്തിയെയും സങ്കടപ്പെടുത്താൻ തോന്നിയില്ല.
പ്രാർത്ഥന, അതായിരുന്നു ഏക ആശ്വാസം. മരണത്തെ ഭയന്ന ദിവസങ്ങളിൽ യാദൃശ്ചികമായി ഒരു ദൈവദാസൻ എന്റെ അടുക്കൽ വന്നു. “ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനു, ദൈവത്തിന്റെ മഹത്ത്വത്തിനായിട്ടത്രേ”. അദ്ദേഹത്തിന്റെ പ്രാർത്ഥനയിലെ ഈ വാചകം എന്നെ ഏറെ ശക്തിപ്പെടുത്തി. അത് എന്നോടുള്ള ദൈവത്തിന്റെ വാക്കുകളായി ഞാൻ ഏറ്റെടുത്തു. വിവാഹത്തിനായി ഒരുക്കി വെച്ച എല്ലാ സമ്പാദ്യവും എന്റെ ചികിത്സക്കായി ചെലവാക്കിയപ്പോൾ ഇനിയും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കർത്താവിന്റെ അടുക്കൽ എത്തിച്ചേരണമെന്ന് തോന്നി. മരണഭയം എന്നിൽ നിന്നും നീങ്ങി എങ്കിലും ദൈവത്തോട് ഓരോ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ദൈവത്തിൽ നിന്നും അകന്നു, ഒന്നിനോടും ആഗ്രഹം ഇല്ലാതെയായി. രോഗസൗഖ്യം പോലും വേണ്ടെന്ന് പറഞ്ഞ് ദൈവത്തിനെതിരെ പിറുപിറുത്തു. എന്റെ ശരീരസ്ഥിതിക്ക് വലിയ മാറ്റം ഒന്നും സംഭവിക്കാത്തതു കൊണ്ട് വീട്ടുകാർ എന്നെ സി.എം.സി വെല്ലൂരിൽ കൊണ്ടു പോയി ചികിത്സിക്കാൻ തീരുമാനിച്ചു. മനസ്സുകൊണ്ട് ഞാൻ പോകാൻ തയ്യാറല്ലായിരുന്നു. എല്ലാവരുടെയും നിർബന്ധത്താൽ വെല്ലൂരിൽ എത്തിച്ചേർന്നു. അഡ്മിഷൻ എടുത്ത ആദ്യ ദിവസം മരണവേദന പോലെ എന്റെ ശരീരം വേദനിക്കുവാൻ തുടങ്ങി. ബ്ലഡ് ടെസ്റ്റിന്റെ റിസൽട്ട് വരാതെ ഡോക്ടർമാർക്ക് ഒരു വേദനാസംഹാരി പോലും തരാൻ സാധിക്കാത്തതിനാൽ ആറുമണിക്കൂർ ഞാൻ ആ വേദന അനുഭവിച്ചു. എന്റെ വേദന കണ്ട് കണ്ണീരോടെ പപ്പയും മമ്മിയും എന്റെ കസിനും മുട്ടുകുത്തി പ്രാർത്ഥിക്കാൻ തുടങ്ങി. ഈ വേദന സഹിക്കാതെ മരണപ്പെടുമോ എന്ന ഭയത്താൽ ദൈവസന്നിധിയിൽ എല്ലാ തെറ്റും ഏറ്റു പറഞ്ഞു ഞാൻ കരഞ്ഞു. ദൈവത്തിന് എതിരായി പിറുപിറുത്തതിനെ ഓർത്ത് അനുതാപത്തോടെ കരഞ്ഞു. ആ നിമിഷം ഹൃദയത്തിൽ നിന്നും ഒരു ഭാരം നീങ്ങിയതായി അനുഭവപ്പെട്ടു. പ്രാർത്ഥിച്ച് കണ്ണു തുറന്നപ്പോൾ ഡോക്ടർമാർ ചുറ്റിനും നിൽക്കുന്നതാണ് കണ്ടത്. എന്റെ ബ്ലഡ് ടെസ്റ്റ് റിസൽട്ട് എല്ലാം ചികിത്സ തുടങ്ങാൻ അനുകൂലമായിട്ടാണ് വന്നത്. എന്റെ ജീവിതം മാറ്റി എഴുതിയ സന്ദർഭമായിരുന്നു അത്. എന്നെ കരുതുന്ന ദൈവത്തിന്റെ സ്നേഹം ഞാൻ കാണാതെ പോയതിലുള്ള കുറ്റബോധം എന്നെ അലട്ടി. സർവ്വ ശക്തന്റെ കരം പിടിച്ച് മുന്നോട്ട് ജീവിക്കാൻ തീരുമാനം എടുത്തു. ജീവിച്ചാലും, മരിച്ചാലും ക്രിസ്തുവിനായി തന്നെ എന്ന് ഞാൻ ഉറച്ചു. അത് എനിക്ക് പുത്തൻ അനുഭവം ജീവിതത്തിൽ സമ്മാനിച്ചു. എന്നെ വീണ്ടെടുക്കാനായി തന്റെ പുത്രനെ തന്ന് സ്നേഹിച്ച സ്വർഗ്ഗീയ പിതാവ് എന്നെ രോഗകിടക്കയിൽ നിന്നും ചില മാസങ്ങൾക്കുള്ളിൽ എഴുന്നേപ്പിച്ചു. മങ്ങി തുടങ്ങിയ കാഴ്ച്ച പൂർണ്ണമായും തിരികെ ലഭിച്ചപ്പോൾ ഡോക്ടേഴ്സിനോടും ക്രിസ്തുവിനെക്കുറിച്ച് പറയുകയുണ്ടായി.
അനേകർക്കായി രോഗ കിടക്കയിൽ കിടന്നു കൊണ്ട് പ്രാർത്ഥിക്കാനും, വചനം പഠിക്കുവാനും ദൈവം ആ ദിവസങ്ങളിൽ എന്നെ സഹായിച്ചു. നഷ്ടങ്ങളെ എല്ലാം ലാഭമാക്കി കാണാനും ദൈവം പഠിപ്പിച്ചു. ക്രിസ്തുവിലുള്ള സന്തോഷം എന്താണ് എന്ന് രോഗ കിടക്കയിൽ വെച്ച് ദൈവം എനിക്ക് വെളിപ്പെടുത്തി തന്നു. ആ പൂർണ്ണ സന്തോഷം അനുഭവിക്കാൻ എനിക്ക് അന്ന് സാധിച്ചു. പിന്നീട് ഒരിക്കലും എന്റെ ജീവിതത്തിൽ എനിക്ക് നഷ്ടമായ ഒന്നിനെക്കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ല. ദൈവത്തിന്റെ ഉള്ളം കൈയ്യിൽ തന്നെയാണ് ഞാൻ എന്ന ബോധ്യം എന്നെ ഓരോ ദിവസവും ജീവിക്കാൻ പ്രേരിപ്പിച്ചു.
രോഗം ഭേദമായി വീട്ടിൽ തിരിച്ചു വന്നപ്പോൾ എന്നെ അലട്ടിയ പ്രശ്നം, സമയം നീങ്ങുന്നില്ലെന്നായിരുന്നു. വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ എന്റെ ജീവിതം മുന്നോട്ട് എങ്ങനെ നയിക്കണം എന്ന് ചിന്തിച്ച് ഏറെ ഭാരപ്പെട്ടു. ഒരു നേഴ്സായി ജോലി ചെയ്യാനുള്ള പൂർണ്ണ ആരോഗ്യസ്ഥിതിയിൽ അല്ലാത്തതു കൊണ്ടും, മറ്റ് ജോലികൾ ഒന്നും അറിയാത്തത് കൊണ്ടും പുതുവഴികൾക്കായ് പ്രാർത്ഥിക്കുവാൻ തുടങ്ങി.
ആ സമയത്താണ് ഞങ്ങളുടെ സഭാമൂപ്പന്റെ സഹോദരൻ ( മാത്യു തോമസ്) ഞങ്ങളുടെ വീട്ടിൽ വരുന്നതും, എന്നെ നേരിൽ കാണുന്നതും, പിന്നീട് അങ്കിൾ വിദേശത്ത് തിരിച്ച് പോയെങ്കിലും ദിവസവും ഫോണിൽ വിളിച്ച് വചനത്തിലൂടെ എന്നെ ശക്തിപ്പെടുത്തുകയും വചനം ധ്യാനിക്കാനും, അനേകർക്ക് വേണ്ടി ആത്മാർഥമായി സമയം എടുത്ത് പ്രാർത്ഥിക്കുവാനും പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഞാൻ സമയത്തെ ഈ രീതിയിൽ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ സമയം തികയാതെയായി. ഉറക്കം വരാത്ത അനേക രാത്രികൾ എനിക്ക് ഉണ്ടായിരുന്നു. അപ്പോഴെല്ലാം പല രോഗികൾക്കായി പ്രാർത്ഥിക്കുവാനും, ജീവിതത്തിൽ ദൈവം ചെയ്ത എല്ലാ നന്മകളെയും ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുവാനും, നന്ദി കരേറ്റുവാനും ദൈവം സഹായിച്ചു.
ചില മാസങ്ങൾക്കുള്ളിൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചു. ഒരു ദിവസം പത്രത്തിൽ ജോലിക്കുള്ള ഒരു പരസ്യം കണ്ടു ഞാൻ വിളിച്ചു. അങ്ങനെ പത്തനംതിട്ട ജില്ലയിലെ ഒരു നേഴ്സിങ് കോളേജിൽ നേഴ്സിങ് ട്യൂട്ടറും അതോടൊപ്പം അവിടെ ഹോസ്റ്റൽ വാർഡനായും ജോലി ലഭിച്ചു. ആ ജോലി ഏറെ അനുഗ്രഹമായിരുന്നു. യൗവ്വനക്കാരായ പെൺകുട്ടികളെ രക്ഷയിലേക്ക് നയിക്കാനും, അവരുടെ പ്രായത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ അവരെ സഹായിക്കാനും, പ്രാർത്ഥനാ ശീലം അവരുടെ ജീവിതത്തിൽ ആരംഭിപ്പിക്കാനും ദൈവം എന്നെ ഉപയോഗിച്ചു. ഞാൻ വന്ന വഴികളിൽ എന്നെ മാറോട് ചേർത്ത് പിടിച്ച ആ നല്ല രക്ഷിതാവിനെപ്പറ്റി പറയുവാൻ എന്റെ രോഗം ഒരു മുഖാന്തരമായി തീർന്നു. മൂന്ന് വർഷം അവിടെ ജോലി ചെയ്യുവാൻ കർത്താവ് സഹായിച്ചു.
ഈ സമയങ്ങളിൽ ചില വിവാഹാലോചനങ്ങൾ വന്നെങ്കിലും അവയൊന്നും ദൈവഹിതമല്ലെന്ന് വ്യക്തമായി. കർത്താവിന്റെ വയലിൽ അദ്ധ്വാനിക്കുന്ന വ്യക്തിയെ ജീവിത പങ്കാളിയായി ലഭിക്കുവാൻ പ്രാർത്ഥിച്ചു. രോഗം മാറി ആരോഗ്യവതിയായെങ്കിലും രോഗം വന്നതിന്റെ പേരിൽ ഇനിയും മനുഷ്യർ എന്നെ മാറ്റി നിർത്തുമോ? എന്ന ഭയം അലട്ടിയതിനാൽ വിവാഹം ഇനി ഉടനെ വേണ്ടാ എന്ന് തീരുമാനിച്ചു. എന്നെ സ്നേഹിക്കുന്ന എല്ലാവരും എന്റെ വിവാഹത്തിനായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു. അനേകരുടെ പ്രാർത്ഥനയുടെ ഫലമായി ദൈവഹിതപ്രകാരം 2022 സെപ്റ്റംബർ 21-ാം തീയതി എന്റെ വിവാഹം നടന്നു. തിരുവനന്തപുരത്ത് സുവിശേഷ വേല ചെയ്യുന്ന അജ്മൽ സുലൈമാൻ എന്ന സുവിശേഷകനാണ് എന്നെ വിവാഹം ചെയ്തത്. വളരെ പ്രതികൂലങ്ങളിൽ നിന്നും തീക്ഷണതയോടെ ഏകനായി വിശ്വാസത്തിലേക്ക് വന്ന വ്യക്തിയാണ് അദ്ദേഹം.
എന്റെ പപ്പയ്ക്ക് കഴിഞ്ഞ മാസം ഒരു സർജറി നടക്കുകയുണ്ടായി. അതിന് ശേഷം ക്ഷീണാവസ്ഥയിലായിരിക്കുന്ന പപ്പക്ക് ഇപ്പോഴും ചികിൽസ തുടരുന്നു. സിംഹകുഴിയിൽ നിന്നും ദാവീദിനെ രക്ഷിച്ച ദൈവം എന്റെ പപ്പയേയും വിടുവിക്കാൻ ശക്തൻ എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അനുഭവിച്ചറിഞ്ഞ സൗഖ്യദായകന്റെ പൂർണ്ണ സൗഖ്യം എന്റെ പപ്പയും അനുഭവിച്ചറിയും.
നമ്മൾ ഉദ്ദേശിക്കുന്നതുപോലെ ജീവിതം നീങ്ങുന്നില്ലെങ്കിൽ നിരാശപ്പെടരുത്. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക. നമ്മുടെ സ്വർഗ്ഗീയ പിതാവ് തന്റെ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റിത്തരുവാൻ മതിയായവനാണ്.