കൂട്ടുകാരേ,
ഒരു ചെറിയ കടങ്കഥ ആയാലോ?
”മാവിലുണ്ട് പ്ലാവിലില്ല,
സ്പൂണിലുണ്ട് ഊണിലില്ല,
ഫാക്ടറിയിലുണ്ട് ബാറ്ററിയിലില്ല”
ഉത്തരം പറയാമോ?
ഉത്തരം കിട്ടിയല്ലേ, മിടുക്കര്‍… അതെ ഉത്തരം മാസ്‌ക്.

എന്താണ് മാസ്‌ക്? ലളിതമായി പറഞ്ഞാല്‍ പരിസരമാലിന്യങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്ന മുഖാവരണമാണ് മാസ്‌ക്. ഇന്നു മാസ്‌കില്ലാതെ വീടിനു പുറത്തിറങ്ങുന്നവരെ വെറുപ്പോടെ തുറിച്ചു നോക്കുന്ന ഒരു കൊറോണക്കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. പണ്ടു ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മുഖത്തു മാത്രം വിലസിയിരുന്ന മാസ്‌കുകള്‍ ഇന്നു നമ്മുടെ ഓരോരുത്തരുടെയും സന്തതസഹചാരികളായി മാറിക്കഴിഞ്ഞിരിക്കുന്നു.
കണ്ടെടുത്തതില്‍ ഏറ്റവും പഴക്കമേറിയ മാസ്‌ക് 7000 BC യിലേതാണ്. വെല്‍ഡിങ്ങ് മാസക്, ഗ്യാസ് മാസ്‌ക്, മെഡിക്കല്‍ മാസ്‌ക്, സര്‍ജിക്കല്‍ മാസ്‌ക് ഇങ്ങനെ മാസ്‌കുകള്‍ പലതരം. ഇന്ന് പലരൂപത്തിലും ഭാവത്തിലും മാസ്‌കുകള്‍ വിപണിയില്‍ ലഭ്യമാണ്. ചിരിക്കുന്ന മാസ്‌കുകള്‍, കരയുന്ന മാസ്‌കുകള്‍, വസ്ത്രത്തിനനുയോജ്യമായവ, വിവിധ ഡിസൈനിലുള്ളവ ഇങ്ങനെ പോകുന്നു.
നമ്മുടെ സുരക്ഷിതത്വത്തോടൊപ്പം മറ്റുള്ളവരുടെ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്താനാണ് നാം മാസ്‌ക് ധരിക്കുന്നത്. മാസ്‌ക് ധരിക്കാതെ നടക്കുന്നതു കൊണ്ട് സമ്പര്‍ക്കത്തിലൂടെ അനേകര്‍ രോഗികളായി തീര്‍ന്നു കൊണ്ടിരിക്കുന്നു. മാസ്‌കുകള്‍ ധരിക്കുമ്പോള്‍ നമ്മുടെ വായ് മൂടപ്പെടുകയും അതേ സമയം കണ്ണുകള്‍ തുറന്നിരിക്കുകയും ചെയ്യും. കുറച്ചു സംസാരിച്ച് കൂടുതല്‍ കാര്യങ്ങളെ കാണാന്‍ ഇതു സഹായിക്കുന്നു. അതിരുവിട്ട നമ്മുടെ സംസാരങ്ങളാണല്ലോ പലപ്പോഴും പ്രശ്നങ്ങള്‍ വിളിച്ചു വരുത്തുന്നത്. മാസ്‌ക് ധരിക്കുന്നതിലൂടെ നമ്മുടെ പുറമെയുള്ള രൂപഭാവങ്ങള്‍ക്കു തന്നേ മാറ്റം വരും. ഒരുപക്ഷെ നമ്മുടെ മുഖത്തിന്റെ അപാകതകള്‍ മറയ്ക്കാന്‍ ഒരു പരിധി വരെ മാസ്‌ക് സഹായിക്കും. മനുഷ്യന്‍ ബാഹ്യമായ മുഖസൗന്ദര്യത്തിലൂടെ മറ്റുള്ളവരെ വിലയിരുത്തുമ്പോള്‍ ദൈവത്തിന്റെ വിലയിരുത്തല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ”മനുഷ്യന്‍ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവ യോ ഹൃദയത്തെ നോക്കുന്നു”
ലൗകികമായ ഒരു മാസ്‌കിന് ഇത്രയധികം പ്രാധാന്യം ഈ കാലഘട്ടത്തിലുണ്ട് എങ്കില്‍, ഒരു ദൈവപൈതലിനെ സംബന്ധിച്ച് അതിലേറെ പ്രധാന്യമുള്ള ഒരു മാസ്‌കാണ് ആത്മീയ മാസ്‌ക്. നാം ഇപ്പോള്‍ ഉപയോഗിക്കുന്ന മാസ്‌കുകള്‍ നമ്മുടെ ഭൗതികശരീരത്തെ ബാഹ്യമാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതു പോലെ ഓരോ ദൈവപൈതലും നിര്‍ബന്ധമായി അറിയേണ്ട ചില മാസ്‌കുകളുണ്ട്. അത് നമ്മുടെ അനുദിന ക്രിസ്തീയജീവിതം ഈ ലോകമാലിന്യങ്ങളാല്‍ അശുദ്ധമാകാതെ നമ്മെ സംരക്ഷിക്കുന്നു.
മാസ്‌കുകള്‍ ധരിക്കുന്നതിനെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു എന്നു നോക്കാം.
ബൈബിളില്‍ ആദ്യമായി മുഖം മൂടിയതിനെപ്പറ്റി പറഞ്ഞിരിക്കുന്നത് ഉല്പത്തി പുസ്തകത്തിലാണ്. അവിടെ കാണുന്ന സുന്ദരിയായ ഒരു സ്ത്രീരത്നമാണ് റിബെക്കാ. റിബെക്കാ ദാസനോടൊപ്പം കനാന്‍ ദേശത്തേക്ക് എത്തിയപ്പോള്‍ ദൂരത്തു നിന്നും തന്റെ ഭാവിവരനായ യിസ്ഹാക്കിനെ കാണുന്നു. അപ്പോള്‍ അവള്‍ ഒട്ടകപ്പുറത്തു നിന്നുമിറങ്ങി മുഖം മറയ്ക്കുന്നതായി കാണുന്നു. റിബെക്കയുടെ താഴ്മ, വിധേയത്വം, അനുസരണം, മറ്റുള്ളവരോടുള്ള ബഹുമാനം തുടങ്ങിയവയാണ് ആ മുഖപടം അണിഞ്ഞതിലൂടെ അവള്‍ വ്യക്തമാക്കുന്നത്. കുട്ടികളായ നാമും താഴ്മയും അനുസരണവും, മുതിര്‍ന്ന വരോടുള്ള ബഹുമാനവും ശീലിക്കേണ്ടണ്ടത് ആവശ്യമാണ്. കാരണം, ”ദൈവം നിഗളികളോടു എതിര്‍ത്തു നില്ക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നല്‍കുന്നു.” മാത്രമല്ല, ”അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍കുഞ്ഞുങ്ങള്‍ തിന്നുകയും ചെയ്യും”
യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിച്ചു വഴിനടത്തിയ ധീരനായ നേതാവായിരുന്നു മോശെ. മോശയോട് പല സന്ദര്‍ഭങ്ങളിലും ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ട് സംസാരിച്ചിട്ടുണ്ടണ്ട്. ഒരിക്കല്‍ സീനായി പര്‍വ്വതത്തില്‍വെച്ചു ദൈവവുമായുള്ള കൂടിക്കാഴ്ചയില്‍ മോശയുടെ മുഖം പ്രകാശപൂര്‍ണമായി. യഹോവയുടെ സന്നിധിയില്‍ നിന്നും യിസ്രായേല്‍ മക്കളുടെ നടുവിലേക്ക് ഇറങ്ങിവന്ന മോശയുടെ മുഖത്തിന്റെ പ്രകാശം അവര്‍ക്ക് താങ്ങാന്‍ കഴിയാഞ്ഞതിനാല്‍ മോശെ മുഖം മൂടി. മോശ ദൈവസന്നിധിയില്‍ നിന്നപ്പോള്‍ മോശയുടെ മുഖം പ്രകാശിച്ചു. മോശെ യിസ്രായേല്‍ മക്കളുടെ മുന്നിലേക്ക് വരുമ്പോള്‍ ഒരു മുഖാവരണത്താല്‍ അവരില്‍ നിന്ന് വേര്‍പാട് പാലിക്കുന്നതായി നാം കാണുന്നു. ഈ മുഖപ്രകാശം നിമി ത്തം യിസ്രായേല്‍ മക്കള്‍ മോശയോട് അടുക്കുവാന്‍ തന്നെ ഭയപ്പെട്ടു.
പ്രിയ കൂട്ടുകാരെ, ദൈവമക്കളായ നാം ദൈവവുമായുള്ള സാമീപ്യത്തില്‍ കഴിയുമ്പോള്‍ നമ്മുടെ ജീവിതം ദൈവികതേജസിനാല്‍ പ്രകാശിതമായിരിക്കും. എന്നാല്‍ ഈ ലോകത്തിലെ കൂട്ടുകാരോട് സമയം ചെലവിടേണ്ടി വരുമ്പോള്‍ ലോകമാലിന്യങ്ങള്‍ നമ്മിലേക്ക് പ്രവേശിക്കാത വണ്ണം ഒരു മറയായി ആത്മീയ മാസ്‌ക് നാം ധരിക്കേണ്ടതാണ്. ഒരു യഥാര്‍ത്ഥ ദൈവപൈതലിനെ തെല്ലു ഭയത്തോടെ കൂടി മാത്രമേ ഈ ലോക ത്തിലെ കൂട്ടുകാര്‍ കാണുകയുള്ളൂ.
സാത്താന്‍ അലറുന്ന സിംഹം പോലെ നമ്മുടെ പിന്നാലെയുണ്ട്. കൊറോണ വൈറസുകളെക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ളവനാണവന്‍. നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ അവന്‍ നുഴഞ്ഞുകയറാതിരിക്കാന്‍ ആത്മീയ മാസ്‌കുകള്‍ എല്ലായ്പ്പോഴും ധരിക്കേണ്ടത് ഒരു ദൈവപൈതലിന്റെ ആവശ്യകതയാണ്.
കൂട്ടുകാരെ നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായില്ലേ മാസ്‌ക് ഒരു ചെറിയ വസ്തുവല്ല എന്ന്. ആത്മീയ മാസ്‌കുകള്‍ ധരിക്കൂ.. ക്രിസ്തീയജീവിതം സുരക്ഷിതമാക്കൂ..