അപ്പുക്കുട്ടന്റെ കയ്യിലെ പട്ടുനൂലിൽ നിന്നും പട്ടു കുപ്പായമിട്ട കുഞ്ഞു പട്ടം മെല്ലെ പറന്നുയർന്നു.. പച്ചപ്പരവതാനി വിരിച്ച പാടങ്ങൾ…ചെമ്മൺ നിറമാർന്ന മൈതാനം.. റോഡിലൂടെ ചീറിപ്പായുന്ന ബസ്സുകൾ… ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന വലിയ വലിയ കെട്ടിടങ്ങൾ, പടർന്ന് പന്തലിച്ചു നിൽക്കുന്ന..മരങ്ങൾ. ഇതിന്റെയെല്ലാം മുകളിലോട്ട്; കുഞ്ഞു പട്ടം, തലയാട്ടി.. കണ്ണിറുക്കി.. ചാഞ്ചാടി..ആടി ചരിഞ്ഞ്.. ഉയർന്നു പൊങ്ങി… ആ ബീച്ചിൽ, തന്നെ കൂടാതെ വേറെയും കൂട്ടുകാരുടെ കൈകളിൽ നിന്നും പല നിറത്തിലും രൂപത്തിലും ഉള്ള പട്ടങ്ങൾ ഉയർന്നുപൊങ്ങി കൊണ്ടിരുന്നു….. കുഞ്ഞുപട്ടം കാഴ്ചകൾ കണ്ട് രസിച്ചങ്ങനെ അനന്ത വിഹായസ്സിൽ പറന്നു നീങ്ങി.. ഇടക്കിടക്ക് താഴോട്ടു നോക്കും.. അപ്പുക്കുട്ടന്റെ കയ്യിലെ നൂല് എങ്ങാനും പൊട്ടുമോ?.. അപ്പുക്കുട്ടൻ നൂലിൽ നിന്നും പിടി വിടുമോ? കുഞ്ഞുപ്പട്ടം ഭയപ്പാടോടെ ഓർക്കും. എന്നാൽ.. അപ്പുക്കുട്ടൻ അങ്ങ് താഴെ അതിൽ മുറുകെ പിടിച്ചിട്ടുണ്ട്.. അത് കണ്ടപ്പോൾ അവന് ധൈര്യമായി….

അങ്ങനെ കുഞ്ഞു പട്ടം ആകാശ പരപ്പിൽ കാഴ്ചകൾ കണ്ടു പറന്ന് രസിച്ചു.. കാറ്റു വരുമ്പോഴാണ് രസം.. കാറ്റിന്റെ ദിശയനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും പറക്കും. അപ്പോൾ അപ്പുക്കുട്ടൻ, കൈയിലെ നൂല് അഴിച്ചഴിച്ചുവിടും… ചിലപ്പോൾ കടലിന്റെ നടുവിലോട്ടും പോകും.. മലപോലെ ഉയർന്നുവരുന്ന തിരമാലകൾ കാണാൻ എന്ത് മനോഹരമാണ്..
പെട്ടെന്ന്.. അങ്ങ് ദൂരെ നിന്ന് ഒരു കുഞ്ഞു പൊട്ടു പോലെ ഒരാൾ അടുത്തടുത്തു വരുന്നത് കുഞ്ഞു പട്ടം കണ്ടു.. വലിയ ചിറകു വിരിച്ച്.. അവൻ പറന്നു പറന്നു അടുത്തെത്തി.. പരുന്തമ്മാവനാണ്… പരുന്തമ്മാവൻ ചോദിച്ചു “നീ എന്താ.. ആകാശത്ത് ഇത്ര ദൂരം മാത്രമേ വന്നുള്ളൂ?.. “ങ്ഹാ… ഇവിടെ ഇങ്ങനെ പറന്നു കളിക്കാൻ എന്ത് രസാ.. മാത്രമല്ല അങ്ങ് താഴെ അപ്പുകുട്ടൻ എന്നെ പിടിച്ചിട്ടുമുണ്ട്… അതുകൊണ്ട് എനിക്കൊരു പേടിയുമില്ല” കുഞ്ഞുപട്ടം പറഞ്ഞു . “എടാ മണ്ടാ നീ ദൂരേക്ക് പോകാതിരിക്കാൻ ആണ് അപ്പുക്കുട്ടൻ നൂല് പിടിച്ചിരിക്കുന്നത്. അതൊന്നു പൊട്ടിച്ചു നോക്കിയേ..അപ്പോൾ നിനക്ക് വിദൂരങ്ങളിൽ പറന്നു പോകാൻ കഴിയും”. പരുന്ത് അമ്മാവൻ പറഞ്ഞു “വേണ്ട എനിക്ക് പേടിയാ” കുഞ്ഞ് പട്ടം സങ്കടത്തോടെ പറഞ്ഞു . “കൊള്ളാം നിന്നെക്കാൾ എത്ര നല്ല പട്ടങ്ങളാണ് ഞാൻ പറഞ്ഞതനുസരിച്ച് ഇങ്ങനെ ചെയ്തതെന്ന് നിനക്കറിയോ? നീ ഒന്നു ശ്രമിച്ചു നോക്ക്.. ഞാനും സഹായിക്കാം”.. പരുന്ത് അമ്മാവൻ പറഞ്ഞു” ഒടുവിൽ മനസ്സില്ലാമനസ്സോടെ കുഞ്ഞു പട്ടം സമ്മതിച്ചു.. അവർ രണ്ടുപേരും കൂടി വളരെ കഷ്ടപ്പെട്ട് അപ്പുക്കുട്ടന്റെ കയ്യിലെ ആ നൂല് പൊട്ടിച്ചു..അപ്പോൾ നിയന്ത്രണം നഷ്ടപ്പട്ട പാവം കുഞ്ഞു പട്ടം ആകാശത്ത് ആടി ഉലയുവാൻ തുടങ്ങി.. അവൻ പരുന്തമ്മാവനെ നോക്കി അലമുറ ഇട്ടു കരഞ്ഞു .. “പരുന്തമ്മാവാ… എന്നെ രക്ഷിക്കൂ.. ഞാൻ താഴോട്ട് പോകുന്നു”.. “എനിക്ക് ഇപ്പോൾ നിന്നെ രക്ഷിക്കാൻ ആവില്ല.. നീ നിന്റെ കാര്യം നോക്ക്..ഞാൻ പോകുന്നു”.. പരുന്തമ്മാവൻ അടുത്ത ഇരയെ ലക്ഷ്യമിട്ട് പറന്നകന്നു. പാവം കുഞ്ഞുപട്ടം; ആർത്തിരമ്പി വന്ന അലയാഴിയിലേക്ക് നിലം പതിച്ചു .

കൂട്ടുകാരെ ഈ കഥ നിങ്ങൾക്ക് ഇഷ്ടമായോ? നമ്മെ നിയന്ത്രിക്കുന്ന ഉണ്ണിക്കുട്ടന്റെ കൈയിലെ ആ നൂല് പോലെയാണ് നമ്മുടെ അരുമ നാഥനായ യേശു അപ്പച്ചന്റെ അദൃശ്യമായ കരങ്ങൾ. അതുപോലെ നമ്മുടെ മാതാപിതാക്കളുടെയും, ജ്യേഷ്ഠ സഹോദരങ്ങളുടെയും, അധ്യാപകരുടെയും ഉപദേശങ്ങളും വിലപ്പെട്ടതാണ്. അതു പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരാകാൻ നമ്മെ പ്രലോഭിപ്പിക്കുന്ന സാത്താന്റെ വഞ്ചനയിൽ കുടുങ്ങിപ്പോയാൽ അതിൻ്റെ അന്തിമഫലം പരാജയം ആയിരിക്കും. യേശു അപ്പച്ചന്റെ കരത്തിന്റെ നിയന്ത്രണത്തിൽ നാം ആയിരുന്നാൽ ഇനിയും ഉയരങ്ങളിലേക്ക് നമുക്ക് പറന്നുയരാൻ കഴിയും. അതുകൊണ്ട് ആരുടെയും മനം മയക്കുന്ന ചതിക്കുഴിയിൽ, വഞ്ചനയിൽ അകപ്പെടാതിരിക്കാൻ നമുക്ക് പ്രതിജ്ഞയെടുക്കാം.

Written by

Mary S George

Mary S George