Family & crisis / Shyni Abhilash(Family Special)

‘‘കേരളത്തില്‍ ലോക്ക്ഡൗണ്‍ മൂലം ഭവനങ്ങളില്‍ ഒറ്റപ്പെട്ടു പോയ സ്ത്രീകള്‍ക്ക് വേണ്ടും വിധത്തിലുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുവാന്‍ ഭര്‍ത്താക്കന്മാര്‍ തയ്യാറാകണം. ഭവനത്തിലുള്ളവര്‍ ഒത്തൊരുമയോടു കൂടെ പ്രവര്‍ത്തിച്ചു ജോലി ഭാരം കുറയ്ക്കണം. വാക്ക് തര്‍ക്കങ്ങള്‍ മൂലം പരസ്പരം മിണ്ടാത്ത അവസ്ഥയില്‍ മുന്‍പോട്ടു പോയിരുന്ന പലരും ഇപ്പോള്‍ ഒരേ വീട്ടില്‍ ഇരിക്കേണ്ടണ്ട അവസ്ഥയാണ്. ഇതും മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. സ്‌കൂള്‍ കോളേജ് ജീവിതം നഷ്ടപെട്ട കുഞ്ഞുങ്ങളും ഭവനത്തില്‍ അടച്ചിടപ്പെട്ട അവസ്ഥയിലാണ്. ആയതിനാല്‍ എല്ലാവരും ഭവനങ്ങളില്‍ സംയമനം പാലിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യണം’’. ലോക്ക്ഡൗണ്‍ സമയത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ ഈ വാക്കുകളില്‍ കോവിഡ് മുഖാന്തരം ഭവനങ്ങളില്‍ അനുഭവപ്പെട്ട പ്രതിസന്ധിയുടെ മുഴുവന്‍ ചിത്രവും അടങ്ങിയിരിക്കുന്നു. ഏറെ പ്രതിസന്ധി കളില്‍ കൂടെയാണ് ഒരു കുടുംബം മുന്നോട്ടു പോകുന്നത്. പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുന്നവര്‍ വിരളവും. നിരവധി കുടുംബങ്ങള്‍ ഈ കാലഘട്ടത്തില്‍ സഹായങ്ങള്‍ക്കു വേണ്ടി കെഞ്ചുന്ന കാഴ്ച്ച ദിനംപ്രതി ഞങ്ങള്‍ക്ക് കാണാമായിരുന്നു. എല്ലാം നിശ്ചലമായ ഒരു ദിവസം. സ്‌കൂളിലും വീട്ടിലും ബന്ധുമിത്രാദികളുടെ ഭനങ്ങളിലുമായി ഓടി നടന്നിരുന്ന മക്കള്‍ കൂട്ടില്‍ അടക്കപ്പെട്ട കിളികളെ പോലെ ആയി.

അവര്‍ സാമൂഹിക ജീവികളായി വളരേണ്ട പ്രായത്തില്‍ ഇങ്ങനെ അടക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. മരത്തിന്റെ മേശയിലും ബഞ്ചിലും ഇരുന്നു പഠിക്കേണ്ടിടത്തു തിളങ്ങുന്ന വെട്ടമുള്ള ഗ്ലാസ് സ്‌ക്രീനിലേക്കുനോക്കിയുള്ള അവരുടെ പഠനം. എന്നാല്‍ വളരെ വേഗത്തില്‍ കുട്ടികള്‍ അതുമായി പൊരുത്തപ്പെട്ടു. സ്‌ക്രീന്‍ ടൈമിനു ശേഷം അവരുമായി ഒന്നു പുറത്തു പോയി ഫ്രഷ് ആയി മടങ്ങി വരാന്‍ പോലും പറ്റാത്ത അവസ്ഥ. ഈ പ്രതിസന്ധികള്‍ ഒക്കെ ഞങ്ങള്‍ പരസ്പരം പങ്കു വെച്ചു. ഈ സമ്മര്‍ദങ്ങള്‍ മറികടക്കുവാനായി ഞങ്ങള്‍ അവരോടു കൂടി കളിച്ചു. ഭവനം വൃത്തിയാക്കുന്നതിലും മറ്റും ഞങ്ങള്‍ അവരെ കൂടെക്കൂട്ടി. അത്യാവശ്യം വേണ്ട പച്ചക്കറികള്‍ വീട്ടു മുറ്റത്തു തന്നെ വളര്‍ത്തിയെടുത്തു. എല്ലാവരും കുറച്ചു കൂടി പ്രകൃതിയോടടുത്തു ജീവിക്കാന്‍ ശ്രമിച്ചു. എല്ലാ പ്രതിസന്ധികളെയും മറികടന്നു പോകേണ്ടവരാണ് നാം എന്നുള്ള അവബോധം നല്‍കുവാന്‍ ഓരോ പ്രവൃത്തിയിലും ശ്രമിച്ചു.

ഏറ്റവും പ്രയാസം അനുഭവിച്ചത് ആശയവിനിമായത്തിലായിരുന്നു. എല്ലാ സമ്മര്‍ദ്ദങ്ങളും പ്രകടമാകുന്നത് ഭാഷയില്‍ ആണല്ലോ. അതിനെ മറികടക്കുവാന്‍ അല്പം സൈക്കോളജി പഠനം ആവശ്യമാണെന്ന് മനസിലായി. അങ്ങനെ പരസ്പരം കോര്‍ക്കുന്ന വാക്കുകളെ നേരെ കൂട്ടിയിണക്കുവാന്‍ ശ്രദ്ധ മുഴുവനും മന:ശാസ്ത്ര ഭാഷാ പഠനത്തിലേക്ക് തിരിച്ചു. കിട്ടിയ പുസ്തകങ്ങള്‍ അതിനായി വായിക്കുകയും ചെയ്തു. അവിടെ നിന്നും ഞാന്‍ ആരെന്നുള്ള തിരിച്ചറിവിലേക്ക് സഞ്ചരിക്കുകയായിരുന്നു. അങ്ങനെ സന്തോഷമായും സമാധാനപരമായും കാര്യങ്ങള്‍ മുമ്പോട്ടു നീക്കുവാന്‍ സാധിച്ചു.

നാം ഇങ്ങനെ ചെറുദ്വീപുകളായി ഇരിക്കേണ്ടവരല്ലല്ലോ. നമുക്കു സമൂഹത്തിന് ഈ കാലത്തില്‍ എന്തു ചെയ്യുവാനാകും എന്നുള്ള ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുമായി ആദ്യം അയല്പക്കങ്ങളിലേക്കും ആവശ്യക്കാരുടെ ഇടയിലേക്കും ഇറങ്ങി. ഒരു മാസ്‌ക് വാങ്ങാന്‍ ഒരു സാനിറ്റൈസ്സര്‍ വാങ്ങാന്‍ ഗതി ഇല്ലാതെ പുറത്തിറങ്ങാതിരിക്കുന്ന ഒരു കൂട്ടം വിഭാഗം നമുക്ക് ചുറ്റും ഉണ്ടെന്നും അവര്‍ക്കു എന്തെങ്കിലും ചെയ്യണം എന്നും തീരുമാനിച്ചു. ഈ അറിവില്‍ നിന്നു ഈ കാലത്തിനു ആവശ്യം വിശ്വാസത്തിന്റെ പ്രവര്‍ത്തിയാണ് എന്നു ബോധ്യം ആയി. ഉണ്ടായിട്ടു കൊടുക്കാം എന്നുള്ള വികലമായ ചിന്തക്ക് ഇവിടെ സ്ഥാനമില്ല. ഇന്നില്‍ ജീവിച്ചു ഇന്നില്‍ മരിച്ചാല്‍ എന്തു ചെയ്യാനാകും എന്നുള്ള ചിന്തയില്‍ നിന്നു വേണം ഈ കോവിഡ് കാല പ്രതിസന്ധിയെ അതിജീവിക്കാന്‍. ഞാന്‍ മൂന്നു നേരവും ഭക്ഷണം കഴിയ്ക്കാന്‍ യോഗ്യനാണെങ്കില്‍ ആ യോഗ്യത അപരനും ഉണ്ടെന്നു നാം മറക്കാതിരിക്കുക. പുറത്തു പോകുമ്പോള്‍ ഒരു മാസ്‌ക്കും സാനിറ്റൈസ്സര്‍ അധികം കയ്യില്‍ കരുതിയാല്‍ അവശ്യക്കാരന്‍ നിനക്കു മുമ്പില്‍ തന്നെയുണ്ടാകും. ആരെയും അന്വേഷിച്ചു പോകേണ്ടി വരില്ല, യേശുവിന്റെ സ്‌നേഹം കാണിക്കാന്‍. ഓരോ സംഭവത്തെയും നാം നേരിടുന്ന രീതിക്കാണു വ്യത്യാസം വരുത്തേണ്ടത്. ഓരോ സംഭവത്തോടും നമുക്കുള്ള പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് കൂടി ഒന്നു നോക്കാം.

ഒരു Precipitating event നമ്മുടെ ജീവിതത്തില്‍ വരുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ അതിന് എതിരെ FIGHT ചെയ്യും. എന്നാല്‍ ഈ കൂട്ടരുടെ വികാരം ദേഷ്യമായിരിക്കും. ഇവര്‍ക്കു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ ആയിരിക്കും കൂടുതല്‍ ശ്രദ്ധ. അടുത്ത കൂട്ടര്‍ FLIGHT ചെയ്യും എല്ലാം മറച്ചു വെച്ചു ജീവിക്കാനാണിവര്‍ക്കിഷ്ടം. മറ്റുള്ളവരാല്‍ തിരസ്‌കരിക്കപ്പെടുന്നവരായിരിക്കും ഇവര്‍. അതു കൊണ്ടു തന്നെ മറ്റുള്ളവരില്‍ നിന്നും ഒഴിവായി ജീവിക്കും ഇവര്‍.

ഇനി വേറൊരു കൂട്ടര്‍ FREEZE എന്ന വിശേഷണത്തില്‍ പെടുന്നവരാണ്. ഒരു നിമിഷത്തില്‍ നിശ്ചലമാക്കപ്പെട്ടവരാണിവര്‍. ന്യായവാദങ്ങള്‍ ഉന്നയിച്ചു മുമ്പോട്ടു നീങ്ങാനാണ് അവര്‍ക്കിഷ്ടം. അവസാനമായി ചെയ്യുന്ന FACE കൂട്ടരാണ്. ഇവര്‍ കൃത്യമായി കാര്യങ്ങളെ നിര്‍വ്വചിച്ചു മുമ്പോട്ടു പോകുന്നവരായിരിക്കും. മറ്റുള്ളവരുമായി ബന്ധം പുലര്‍ത്തി ജീവിക്കാന്‍ ഇവര്‍ ശ്രമിക്കും.
ഒരു Precipitating event നെ ഓരോരുത്തരും ഇങ്ങനെ ആവും കൈകാര്യം ചെയ്യുക. FACE ചെയ്യുന്നവര്‍ ആ സംഭവത്തെ Redefine ചെയ്തു വസ്തുനിഷ്ഠമായ വിലയിരുത്തലിലേക്ക് കടക്കും. ഇവര്‍ക്കു Stress, Depression, Anxiety ഉണ്ടാവുകയില്ല. നാം ഇതില്‍ ഏതില്‍ പെടുന്നു എന്നുള്ള അറിവ് നമ്മെ നിരവധി പ്രതിസന്ധികളില്‍ നിന്നും മറികടക്കുവാന്‍ സഹായിക്കും. സ്വയാവബോധമാണ് ഏറ്റവും പ്രധാനം. നമ്മെക്കുറിച്ചു മറ്റുള്ളവര്‍ അവര്‍ക്കു തോന്നിയതുപോലെ പറഞ്ഞു നടക്കുന്നതിനു മുമ്പേ നാം തന്നെ നമ്മെക്കുറിച്ചു പഠിക്കാന്‍ ശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ എല്ലാ പ്രതിസന്ധികളും. ഈ ലോകത്തില്‍ പ്രതിസന്ധികളില്ലാതെ ജീവിക്കാന്‍ നമുക്കാവില്ല. എന്നാല്‍ ഇവയെ തരണം ചെയ്യുവാന്‍ നാം പ്രാപ്തിയുള്ളവരാണ്. അതു നാം മനസിലാക്കുനിടത്തു നിന്നു നാം മറികടക്കുകയാണ് എല്ലാ പ്രതിസന്ധികളെയും. ഒരു രാവും പുലരാതിരുന്നിട്ടില്ല ഒരു മഴയും തോരാതിരുന്നിട്ടുമില്ല. പ്രത്യാശയുള്ള ജീവിതമാണ് ഒരുവന്റെ ഏറ്റവും വലിയ ധനം.

Written by

Shiny Abhilash

Shiny and husband Evagelist Abhilash are serving Lord at Thiruvalla.

More writings by Shiny Abhilash.