Orumichu Ninnidam / Kavitha(Bincy Thomas)

ഒരുമിച്ചു നിന്നിടാം കരുതലോടിന്നു നാം
ഒരു നല്ല നാളയെ വാര്‍ത്തെടുക്കാന്‍
ഭവനങ്ങള്‍ ദേവാലയങ്ങളാക്കീടണം
പ്രാര്‍ത്ഥനാ ശബ്ദം മുഴങ്ങിടട്ടെ
മാറാത്ത വ്യാധികള്‍ ആധികള്‍ മൂലമീ
ലോകം ഭയന്നു വിറച്ചീടുന്നു
നാളെ എന്തായിടും എന്നു നിനച്ചവര്‍
ആകുലരായി കഴിഞ്ഞിടുന്നു
സമ്പത്തിന്‍ പിന്നാലെ നെട്ടോടമോടിച്ചു
ഇന്ന് രോഗത്തിന്‍ പിടിയിലായി
പണവും പ്രതാപവുമൊന്നുമല്ലയെന്ന-
തിന്നു മനുഷ്യന്‍ തിരിച്ചറിഞ്ഞു
സ്വന്തബന്ധങ്ങള്‍ തിരിച്ചറിഞ്ഞിടാതെ
തമ്മില്‍പ്പൊരുതിക്കഴിഞ്ഞവരും
ഞാനെന്നഭാവം നടിച്ചവരും നാളെ
എന്താകുമെന്നു ഭയപ്പെടുന്നു
ദൈവഭയമില്ല മര്‍ത്യന് ലേശവും
ദൈവവഴികളറിഞ്ഞിടാതെ
നേരിന്റെ പാതയെ വിട്ടൊഴിഞ്ഞീടുന്നു
നിത്യനരകത്തിലെത്തിടുവാന്‍
ക്ഷണികമീ ജീവിതമെന്നറിഞ്ഞേവരും
വരികയിന്നേരം പരന്നരികില്‍
പരമഹിതമറിഞ്ഞെന്നും നാം പാര്‍ത്തിടാം
ഒരു നല്ല നാളയെ വാര്‍ത്തെടുക്കാന്‍

[ബിൻസി തോമസ്]