അങ്ങ് ദൂരെ കിഴക്ക് സൂര്യമാണി ക്യന്‍ സ്വര്‍ണ്ണപ്പട്ടണിഞ്ഞ് മണവാളനെ പോലെ എത്തി. തീഷ്ണമായ ആ നയനങ്ങള്‍ക്ക് എന്തേ ഇന്ന് ഇത്ര ശാന്തത? പുലരിയുടെ നിശബ്ദതയില്‍ ധ്യാനനിമഗ്നയായിരിക്കുന്ന എന്റെ ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു വശ്യത അവന്റെ സൗന്ദര്യത്തില്‍…

Kadinjool Pottu / Kathayile Karyam(Anitha Johnson)


“നമുക്ക് അല്പം കിന്നാരം പറഞ്ഞിരിക്കാം” എന്റെ മൊഴി കേട്ടിട്ടെന്നോണം അവന്‍ വൃക്ഷത്തോഴികളെ വകഞ്ഞുമാറ്റി മന്ദസ്മിതം തൂകി. ഞാന്‍ അവന്റെ സ്വര്‍ണ്ണപ്രഭയില്‍ അലിഞ്ഞു. ‘പറയൂ സഖീ നീയും ഞാനും മാത്രമുള്ള സുന്ദര നിമിഷങ്ങളില്‍ നാം പറയുന്ന വാക്കുകള്‍’?? ജീവിതം സുന്ദരം… ഒരു കുളിര്‍മഴ പോലെ എന്റെ മേനി പുളകം കൊണ്ടു. പിന്നെ മെല്ലെ എന്റെ ബാല്യകാലത്തിലേക്ക് ഞാന്‍ ഊളിയിട്ടു.

തിരുവനന്തപുരം ജില്ലയിലെ വശ്യ സുന്ദരമായ പാലോട് എന്ന ഗ്രാമം. ആറ്റിന്‍ കരയിലെ ആ കൊച്ചു വീട്ടിലായിരുന്നു എന്റെ ബാല്യം. അന്ന് എനിക്ക് പത്ത് വയസ്സ് പ്രായം. വീട്ടിലെ മൂത്ത പുത്രിയായ എനിക്ക് മാതാപിതാക്കള്‍ സമ്മാനിച്ച ഓമനപ്പേരാണ് ‘കടിഞ്ഞൂല്‍പ്പൊട്ട്’. അതിന്റെ അര്‍ത്ഥവ്യാപ്തിയൊക്കെ ആ കുഞ്ഞു തലച്ചോറിന് അപ്പുറമായിരുന്നു. കുറുമ്പിയായ എന്റെ അനുജത്തിക്ക് മുന്നില്‍ തോല്‍ക്കുന്നതായിരുന്നു അന്നത്തെ എന്റെ വിജയം.

കൊതുകുകള്‍ സംഹാരതാണ്ഡവമാടിയിരുന്ന ആ ദിനങ്ങളിലെ ഒരു സായംസന്ധ്യയില്‍ കയ്യില്‍ പൊതിയുമായി കോളേജ് വാധ്യാര്‍ ആയിരുന്ന എന്റെ അപ്പന്‍ വന്നു. ഊഹാപോഹങ്ങള്‍ ക്കൊടുവില്‍ പൊതി അഴിച്ചപ്പോള്‍ കണ്ടു മുറുക്ക് പോലെ കറുത്ത ഒരു സാധനം. ‘കൊതുകിനെ ഓടിക്കാനാ.. ആമത്തിരി’. ആമമാര്‍ക്ക് കൊതുകു തിരി അപ്പന്‍ എന്റെ നേരെ നീട്ടി. ഹായ്… നല്ല മണം…

നേരം സന്ധ്യയായി. ആമത്തിരി കത്തിച്ച് മുറിയില്‍ വച്ച് അതിന്റെ ഗന്ധം ഞങ്ങള്‍ ആവോളം ആസ്വദിച്ചു. പതിവുപോലെ ഞാനും അനിയത്തിയും ഞങ്ങളുടെ വലിയ കട്ടിലില്‍ ഉറക്കത്തിന് കേറി, കൂട്ടത്തില്‍ ആമത്തിരി കട്ടിലിന്റെ കാല്‍ക്കല്‍ വയ്ക്കാനും ഞാന്‍ മറന്നില്ല. കൊതുകു ശല്യം ഇല്ലാത്തതിനാല്‍ കിടന്നപാടേ ഉറങ്ങി. എപ്പോഴോ ഒന്ന് തിരിഞ്ഞപ്പോള്‍ വലതുകാലില്‍ ഇളം ചൂട്. ഉറക്കച്ചടവില്‍ അത് കാര്യമാക്കാതെ വീണ്ടും ചുരുണ്ടു കൂടി. അല്ല… ചൂട് കൂടിക്കൂടി വരുന്നു. ഞെട്ടി ഉണര്‍ന്ന ഞാന്‍ കണ്ടത് ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആകാശനീലയില്‍ ചുവന്ന പൂക്കളു ള്ള എന്റെ പോളിയസ്റ്റര്‍ പാവാട ഉരുകി അട്ടയെപ്പോലെ എന്റെ വെളുത്ത കാലില്‍ ചുരുണ്ടു കയറു ന്നു. അയ്യോ…! ഞാന്‍ അലറി വിളിച്ചു.

അപ്പനും അമ്മയും ഓടി വന്ന് ലൈറ്റിട്ടു. അപ്പോള്‍ കണ്ടണ്ട കാഴ്ച.. 10 വര്‍ഷത്തോളം ഞങ്ങളെ പാടിയുറക്കിയ കട്ടിലിലെ മെത്തയിലും, പ്ലാസ്റ്റിക് വരിച്ചിലിലും രണ്ട് വലിയ കറുത്ത തുളകള്‍…. ആമത്തിരി സ്റ്റാന്റിലേക്ക് എന്റെ കണ്ണുകള്‍ നീണ്ടു. പാമ്പിന്‍ പടം കണക്കെ വളഞ്ഞ് പുളഞ്ഞ് കുറെ ധൂളികള്‍ മാത്രം.. ഈശ്വരാ…. ഈ ആമത്തിരി..
ഒരു അടി ഉറപ്പാണ്.. ഞാന്‍ കുറ്റവാളിയെപ്പോലെ മുഖം കുനിച്ചു. ‘കടിഞ്ഞൂല്‍പ്പൊട്ട്..’ അപ്പന്‍ ആക്രോശിച്ചു… ഓ… ഇതാണല്ലേ ആ വാക്കിന്റെ അര്‍ത്ഥം??… ഇതൊന്നും അറിയാതെ എന്റെ അനുജത്തി അപ്പോഴും കൂര്‍ക്കം വലിക്കുന്നുണ്ടായിരുന്നു.

പാഠം: ചിന്തിച്ച് മാത്രം പ്രവര്‍ ത്തിക്കുക.

വേദവാക്യം. “ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്ന് തീ തന്നേ ശോധന ചെയ്യും.” (എബ്രായര്‍ 3:13)

Written by

Anitha Johnson

Teacher, Writer from Ranny