
കൂട്ടുകാരെ, നിങ്ങള്‍ എല്ലാവരും എവിടെയാണ്? നിങ്ങള്‍ ഒച്ചിനെ കണ്ടിട്ടുണ്ടോ? അത്യാവശ്യത്തിനു മാത്രം തല പുറത്തേക്കിട്ടു വീണ്ടും തോടിനുള്ളിലേക്ക് വലിയും. നമ്മളും ഏതാണ്ടൊക്കെ ഒച്ചിനെ പോലെയാണ് ഇപ്പോള്‍. കൊറോണ എന്ന കുഞ്ഞു വില്ലന്‍ അവധിക്കാലത്ത് ചാടി തിമിര്‍ക്കേണ്ട കൂട്ടുകാരെയെല്ലാം വീടിനുള്ളില്‍ തളച്ചിട്ടു അല്ലേ? എന്തെല്ലാം പുലിവാലുകളാണ് ഇപ്പോള്‍? മാസ്‌ക് കെട്ടണം, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം, ഒരു മീറ്റര്‍ അകലം പാലിച്ച് നില്‍ക്കണം, അങ്ങോട്ട് തിരിയാന്‍ പറ്റില്ല, ഇങ്ങോട്ട് തിരിയാന്‍ പറ്റില്ല. ആകെ മടുത്തു അല്ലെ?
Isolation / Kunjuchintha(Jeslin Johnson)
ലോക്ക്ഡൗണ്‍, ക്വാറന്റീന്‍, കോവിഡ്, ഐസൊലേഷന്‍, സാനിറ്റൈസര്‍ – കൊറോണക്കാലത്ത് നിങ്ങള്‍ ഏറ്റവുമധികം കേട്ടിരിക്കുന്ന പദങ്ങള്‍ ഇവയല്ലേ? ഇതില്‍ നിങ്ങള്‍ക്ക് ഏറ്റവും വെറുപ്പുള്ള പദമല്ലേ ഐസൊലേഷന്‍? പപ്പായെ മമ്മിയേം കൂട്ടുകാരേം ആരെയും കാണാതെ ഒരു മുറിക്കുള്ളില്‍ അടച്ചിടുക. എന്തുമാത്രം ബോറടിക്കും? എന്നാല്‍ അതിലൂടെ രോഗവ്യാപനം എന്ന വലിയ വിപത്ത് തടയുകയാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
മൂന്നുമാസം പ്രായമുള്ളപ്പോള്‍ ഐസൊലേഷനില്‍ കഴിയേണ്ടി വന്ന ഒരു പൈതലിനെ ബൈബിളില്‍ നിന്നും ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. ആ പൈതല്‍ നിങ്ങളെപ്പോലെ തന്നെ ഒരു സുന്ദരക്കുട്ടന്‍ ആയിരുന്നു. അവനാണ് മോശെക്കുഞ്ഞ്. അക്കാലത്ത് രാജാവായ ഫറവോന്‍ എബ്രായ സ്ത്രീകള്‍ക്ക് ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെയെല്ലാം നദിയില്‍ എറിഞ്ഞു കൊന്നുകളയുവാന്‍ ഓര്‍ഡര്‍ ഇട്ടു. എന്നാല്‍ സുന്ദരനായ മോശക്കുഞ്ഞിനെ കണ്ടപ്പോള്‍ അവനെ കൊന്നുകളയുവാന്‍ സൂതികര്‍മ്മിണികള്‍ക്ക് മനസ്സ് വന്നില്ല. കാരണം, അവര്‍ ദൈവത്തെ ഭയപ്പെടുന്നവരായിരുന്നു. ഇങ്ങനെ ക്രൂരമായ ഒരു കല്പന നിലനില്‍ക്കെയാണ് മാതാപിതാക്കള്‍ മോശക്കുഞ്ഞിനെ മൂന്നുമാസം ഒളിപ്പിച്ചു വെച്ച് വളര്‍ത്തിയത്. ഇങ്ങനെയൊരു പ്രതികൂല അവസ്ഥയെ തരണം ചെയ്തതു കൊണ്ടാണ് മോശെക്കുഞ്ഞിന്റെ കഥ പ്രസിദ്ധമായത്. പ്രതികൂലങ്ങളുടെ നടുവില്‍ നമ്മുടെ ജീവിതത്തില്‍ ചില ട്വിസ്റ്റുകള്‍ വരുത്തുന്നവനാണ് നമ്മുടെ ദൈവം. മോശെക്കുഞ്ഞിന്റെ ജീവിതത്തിലെ ട്വിസ്റ്റ് ഇവിടെയാണ് ആരംഭിക്കുന്നത്.
എത്ര നാള്‍ നമുക്ക് ഒരു കുഞ്ഞിനെ ഒളിപ്പിച്ചുവെച്ച് വളര്‍ത്താന്‍ സാധിക്കും? കുഞ്ഞുങ്ങളുള്ള വീട്ടില്‍ എപ്പോഴും കരച്ചിലും ബഹളവും ഒക്കെ ഉണ്ടാകും. ഇനി അവനെ വീട്ടില്‍ നിന്ന് മാറ്റാതെ രക്ഷയില്ല. കുഞ്ഞിനെ ഐസൊലേഷനില്‍ ആക്കാനായി അമ്മ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി. ഞാങ്ങണ വളരെ ഉയരത്തില്‍ വളര്‍ന്നു വരുന്ന ഒരു തരം പുല്ലാണ്. കൂടാതെ ജലമലിനീകരണം തടയാന്‍ ഈ പുല്ലുകള്‍ക്ക് കഴിവുണ്ട്. ഞാങ്ങണപ്പുല്ലിലെ സുഷിരങ്ങള്‍ക്ക് വായുവിനെ വലിച്ചെടുക്കാന്‍ കഴിവുള്ളതിനാല്‍ ആവശ്യത്തിന് വായു സഞ്ചാരം ഉണ്ടായിരുന്നു. പൈതലിനെ ഞാങ്ങണ പെട്ടകത്തില്‍ കിടത്തിയ ശേഷം നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു.
ഞാങ്ങണപ്പെട്ടകം സഞ്ചരിച്ച നൈല്‍ നദിയെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഏകദേശം 6,650 കിലോമീറ്റര്‍ നീളമുള്ള ഈ നദിയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള നദി. ഈ നദിയില്‍ മാരകവിഷമുള്ള പാ മ്പുകളും, മുതലകളും മറ്റുമുണ്ട്. ഈ നദിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് പലതരം രോഗങ്ങള്‍, സൂര്യാഘാതം തുടങ്ങിയവ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ഒരു നദിയിലൂടെയാണ് കുഞ്ഞ് സഞ്ചരിച്ചത്. മാത്രമല്ല ഏതെങ്കിലും ഈജിപ്തുകാരുടെ കണ്ണില്‍ പെട്ടാല്‍ കുഞ്ഞിന്റെ കഥ കഴിഞ്ഞതുതന്നെ. എന്നാല്‍ ഇതിന്റെയെല്ലാം നടുവില്‍ മോശെക്കുഞ്ഞിനെ ദൈവം സുരക്ഷിതമായി സൂക്ഷിച്ചു. അവനു കാവലായി ദൈവം അവന്റെ പെങ്ങളെ നദീതീരത്തു നിര്‍ത്തി. ഐസൊലേഷനില്‍ കഴിഞ്ഞ മോശക്കുഞ്ഞ് നേരെ ചെന്നെത്തിയത് ഫറവോരാജാവിന്റെ മകളുടെ കൈകളിലേക്കായിരുന്നു. മോശെക്കുഞ്ഞിനെ കണ്ട രാജകുമാരിയ്ക്ക് അവനോട് അലിവു തോന്നി. തന്റെ പിതാവിന്റെ ആജ്ഞയെ മറികടന്ന് ആ കുഞ്ഞിനോട് അനുകമ്പ തോന്നുവാന്‍ അവളുടെ ഹൃദയത്തില്‍ പ്രേരണ നല്‍കിയത് ദൈവമാണ്. കല്ലായ ഹൃദയത്തെ അലിയിക്കുവാന്‍ കഴിയുന്നവനാണ് നമ്മുടെ ദൈവം. എല്ലാ ആശകളും കൈവെടിഞ്ഞ് കുഞ്ഞിനെ നദിയിലേക്ക് ഒഴുക്കിവിട്ട അമ്മയ്ക്ക് തന്നെ ആ കുഞ്ഞിനെ മുലയൂട്ടി വളര്‍ത്താന്‍ ഉള്ള ഭാഗ്യം ലഭിച്ചു.
മരണത്തെ മുന്നില്‍ കണ്ടു കൊണ്ട് ഐസൊലേഷനില്‍ പ്രവേശിക്കപ്പെട്ട മോശെക്കുഞ്ഞിനെ മിസ്രയീമിന്റെ വീണ്ടെടുപ്പുകാരന്‍ ആയി ദൈവം ഉയര്‍ത്തി. നൈല്‍നദിയിലെ യാതൊരു മാലിന്യങ്ങളും പെട്ടിക്കുള്ളില്‍ കയറാതെ ദൈവം മോശക്കുഞ്ഞിനെ സംരക്ഷിച്ചു. ദൈവത്തിന് മോശക്കുഞ്ഞിനെപ്പറ്റി വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരുന്നതിനാലാണ് അവന്റെ ജീവിതത്തിലെ ഐസൊലേഷന്‍ സമയത്തും ദൈവം അവനെ കാത്തു സംരക്ഷിച്ചത്.
കൂട്ടുകാരെ, ദൈവത്തിന് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെക്കുറിച്ച് ഒരു ലക്ഷ്യമുണ്ട്. ഈ ലോകത്തില്‍ ഏതു വലിയ വലിയ വൈറസ് പടര്‍ന്നുപിടിച്ചിലും അതിന്റെ നടുവില്‍ നമ്മെ സുരക്ഷിതമായി പാലിക്കുവാന്‍ കഴിവുള്ളവനാണ് നമ്മുടെ ദൈവം. ലോകത്തിന്റെ യാതൊരു മാലിന്യങ്ങളും നമ്മിലേക്ക് എത്താതെ നമ്മെ പരിപാലിക്കാന്‍ ശക്തനാണ് ദൈവം. അതുകൊണ്ട് എല്ലാവരും സന്തോഷത്തോടെ ഈ ലോക്ക്ഡൗണ്‍ കാലയളവ് വീട്ടില്‍ തന്നെ കഴിച്ചുകൂട്ടുമല്ലോ.
[ജെസ്‌ലിൻ ജോൺസൻ]