ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് അവബോധം വരുത്തുവാനും കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. 1974 മുതലാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.

പുഴകളും കായലുകളും മനോഹരമായ കടൽത്തീരങ്ങളും കുന്നുകളും മലകളും കൊണ്ട് സമൃദ്ധമാണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷണം ഉള്ള നമ്മുടെ കൊച്ചു കേരളം. സുഗന്ധ ദ്രവ്യങ്ങൾ കൊണ്ട് അനുഗ്രഹീത. ജാതിമതദേശ അന്തരങ്ങൾക്കിടയിലും ഒന്നായി മുന്നോട്ട് നടന്നവർ. പടിഞ്ഞാറേ അറ്റത്തു കടലിന്റെ തലോടൽ. ഇങ്ങേ അറ്റത്തു തലയുയർത്തി നിൽക്കുന്ന സഹ്യപർവ്വത നിരകൾ അരുണോദയ കിരണങ്ങൾ ഭൂമിയിൽ സ്പർശിക്കും മുമ്പേ വയലിനെ ലക്ഷ്യമാക്കി നീങ്ങുന്ന മണ്ണിന്റെ മക്കൾ. മണ്ണിനടിയിൽ വളരുന്ന കപ്പയും കാച്ചിലും കഴിച്ചിരുന്ന ബാല്യങ്ങൾ. ഞൊട്ടാഞൊടിയും കൂടപഴവുമെല്ലാം മിഠായികൾ ആയിരുന്നു. കണ്ണിമാങ്ങ മുതൽ മാമ്പഴം വരെ ആസ്വദിച്ചു കഴിച്ചിരുന്നു.പുളി മരത്തിൽ ഊഞ്ഞാലാടിയും പഴുത്തുതുടുത്തപുളി നുണഞ്ഞും പൂഴിമണ്ണിൽ മണ്ണപ്പം ചുട്ടും കളിച്ചുവളർന്ന ബാല്യങ്ങൾ ഇന്ന് കരുത്തുറ്റ വൃദ്ധരായി തീർന്നിരിക്കുന്നു. ഒരു പരിസ്ഥിതി ദിനത്തിന്റെ പിന്തുണ വേണ്ട അവരുടെ തൊടികൾ സമൃദ്ധമാക്കാൻ. എന്നാൽ കാലങ്ങൾ പലതു കഴിഞ്ഞു. വനങ്ങൾ എവിടെ? മനോഹരമായ തീരങ്ങൾ എവിടെ? കുന്നുകളും പാടങ്ങളുമെവിടെ? നശിപ്പിച്ചു അല്ലേ??? കളങ്കമില്ലാത്ത ആ മാവേലി നാട്ടിൽ നിന്നും പുരോഗമനത്തിലേക്കുള്ള നമ്മുടെ സഞ്ചാരം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ട് ആയിരുന്നില്ലേ?? കുഞ്ഞുങ്ങൾക്ക് ഓടി നടക്കാൻ പ്രകൃതിയൊരുക്കിയ മുറ്റമെവിടെ?? ഓടു പാകി അടച്ചില്ലേ പ്രകൃതിയിലെ അരിപ്പകളെ. കുഞ്ഞുമക്കൾക്ക് മണ്ണപ്പം ചുടുവാൻ artificial clay ഒരുക്കിയില്ലേ നാം. സ്വീകരണമുറികളിൽ എവിടെ നിന്നോ വിരുന്നുവന്ന പല വർണ്ണ ധാരികളായ പൂക്കളും ചെടികളും പൂമ്പാറ്റകളും കൊണ്ട് തോട്ടം ഒരുക്കിയില്ലേ നാം. മണ്ണിനെ അറിഞ്ഞ് മരങ്ങളെയും ചെടികളെയും തൊട്ടുതലോടി പൂക്കളുടെ സുഗന്ധവും പൂന്തേനിന്റെ രുചിയും പൂമ്പാറ്റകളുടെ നൃത്തവും വണ്ടികളുടെ താരാട്ടുപാട്ടും മഴയും മഞ്ഞും വെയിലും കാറ്റുമേറ്റ് വളരണം നമ്മുടെ മക്കൾ. ഏദൻ തോട്ടത്തിൽ ആദമിനും ഹവ്വയ്ക്കും വേണ്ടി ദൈവം ഒരുക്കിയത് ഒരു പൂങ്കാവനം തന്നെ.

ഒരു മടങ്ങി പോക്കിന് സാധ്യതയേറെ ഇല്ല എന്നറിയാം എങ്കിലും ഒരു മാറ്റം വരുത്തുവാൻ നമ്മൾ വിചാരിച്ചാൽ കഴിയും. രാവിലെ മുതൽ നമ്മുടെ സ്റ്റാറ്റസുകൾ പ്രകൃതി സ്നേഹം കൊണ്ട് സമൃദ്ധമായിരുന്നില്ലേ. നല്ല കമന്റുകൾ ലൈക്കുകൾ കിട്ടിയപ്പോൾ നമ്മൾ ഹാപ്പി. എന്നാൽ ഇന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത ചെടിയുടെ നാളത്തെ അവസ്ഥ?. കഴിഞ്ഞവർഷം ജൂൺ അഞ്ചിന് എന്റെ മക്കൾ നട്ട കുഞ്ഞു ചെടിയെ ഓർത്തു ഞാൻ നെടുവീർപ്പിടുന്നു. ആ ഒരു അവസ്ഥ ഇന്ന് നാം നട്ട കുഞ്ഞു തൈകൾക്ക് വരല്ലേ എന്ന പ്രാർത്ഥനയോടെ…

നല്ലൊരു പ്രകൃതിയെ നമുക്ക് ഒരുക്കിയെടുക്കാം.

നല്ല നാളെക്കായി..

Please wait while flipbook is loading. For more related info, FAQs and issues please refer to DearFlip WordPress Flipbook Plugin Help documentation.

Written by

Denna Santhosh

Denna Santhosh