വന്ധ്യയെ നിർഭാഗ്യയായി കരുതിയിരുന്ന ഒരു സമൂഹത്തിലാണ് എലിസബത്ത് ജീവിച്ചിരുന്നത്. സെഖര്യാവ് എന്ന പുരോഹിതനായിരുന്നു അവളുടെ ഭർത്താവ്. യൗവ്വനത്തിന്റെ സൗഭാഗ്യങ്ങൾ മാഞ്ഞുപോയ വാർദ്ധക്യത്തിൽ എത്തി നിൽക്കുന്ന ഘട്ടത്തിലാണ് തിരുവെഴുത്ത് അവരെ പരിചയപ്പെടുത്തുന്നത്. പൗരോഹിത്യം സമൂഹത്തിൽ മാന്യതയുള്ള പദവിയായിരുന്നു എങ്കിലും, അതിന്റെ ആനുകൂല്യം ലഭിക്കാതെ വന്ധ്യത നൽകിയ സാമൂഹിക നിന്ദയുടെ ഇരയായിരുന്നു പുരോഹിതന്റെ ഭാര്യയായിരുന്ന എലിസബത്ത്. “മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവ് എന്നെ കടാക്ഷിച്ച നാളിൽ” എന്ന് വൃദ്ധയായ എലിസബത്ത് മറിയയോട് പറയുന്നുണ്ട് (ലൂക്കോ: 1:25). സമൂഹം വാക്കുകളിലൂടെയും പ്രവൃത്തി കളിലൂടെയും പ്രകടിപ്പിച്ചുകൊണ്ടിരുന്ന നിന്ദയെക്കുറിച്ച് എലിസബത്ത് എത്രമാത്രം ബോധവതിയായിരുന്നു എന്ന് അവളുടെ വാർദ്ധക്യത്തിലെ ഈ വാക്കുകൾ വ്യക്തമാക്കുന്നു.

ഒരു കുഞ്ഞിനോടുള്ള സ്ത്രീ സഹജമായ വാത്സല്യം, മാഞ്ഞുപോയ യൗവനത്തിൽ എലിസബത്തിന്റെ ഹൃദയത്തെ നിറച്ചിരുന്നിരിക്കാം. പ്രതീക്ഷകൾ മരീചികയായി വിടപറഞ്ഞപ്പോൾ പൊള്ളുന്ന തരിശുനിലമായി മനസ്സ് പരിണമിച്ചിരിക്കാം. സമൂഹത്തിന്റെ നിന്ദയുടെ ഭാവങ്ങളും നോട്ടങ്ങളും വാക്കുകളും ചാട്ടുളികൾപോലെ അവളുടെ ഹൃദയത്തെ നിർദ്ദയം മുറിവേൽപ്പിച്ചിരിക്കാം. യാഥാർത്ഥ്യത്തെ, നാട്യങ്ങൾ കൂടാതെ ഉൾക്കൊണ്ട് ഈ വരണ്ട ജീവിത സാഹചര്യത്തിൽ യൗവ്വനം താണ്ടി വാർദ്ധക്യത്തിലേക്ക് എലിസബത്ത് എങ്ങനെ നടന്നുപോയി എന്നത് ആ മഹിളാരത്നത്തെ തിരുവെഴുത്തിലെ ഒരു ദീപ്ത കഥാപാത്രമാക്കി നിലനിർത്തുന്നു.

എലിസബത്തിന്റെ ജീവിതസവിശേഷതകൾ ചില വാക്യങ്ങളിലൂടെ തിരുവെഴുത്തു വ്യക്തമാക്കുന്നുണ്ട്.

  1. ദൈവസന്നിധിയിൽ നീതിയുള്ളവൾ (ലൂക്കോ: 1:6)
    ദൈവസന്നിധിയിൽ അഥവാ ദൈവത്തിൻറെ ദൃഷ്ടിയിൽ (English) എലിസബത്ത് നീതിയുള്ളവളായിരുന്നു. മനുഷ്യർ നിന്ദിതരായി കണ്ടാലും ദൈവം നമ്മെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. തിരുവെഴുത്തു പറയുന്നു, ‘നീതിമാൻ ആരുമില്ല; ഒരുത്തൻ പോലുമില്ല.’ (റോമർ 3:10). ‘മനുഷ്യൻ ന്യായപ്രമാണത്തിൻറെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു’ (റോമർ 3:28) എന്ന് തിരുവെഴുത്ത് ഉറപ്പു നൽകുന്നു. നമ്മെക്കുറിച്ച് മനുഷ്യരുടെ വീക്ഷണത്തിനല്ല, നമ്മെക്കുറിച്ചുള്ള ദൈവത്തിൻറെ വീക്ഷണത്തിനു പ്രാധാന്യം നൽകി ജീവിക്കുകയാണ് മനുഷ്യരുടെ അപഹാസ്യത്തെ അതിജീവിക്കുവാനുള്ള മാർഗം.
  2. ദൈവകൽപ്പനകൾ അനുസരിച്ചു ജീവിച്ചവൾ (ലൂക്കോ: 1:6)
    മനുഷ്യരിൽ നിന്നുള്ള നിന്ദയുടെ കുറ്റം ദൈവത്തിൽ ആരോപിച്ച് ദൈവത്തെയും ദൈവകൽപനകളെയും നിഷേധിച്ച് ജീവിക്കാൻ എലിസബത്ത് തുനിഞ്ഞില്ല. ഇത് അവൾക്ക് ദൈവത്തിലുള്ള ആശ്രയത്തെയാണ് വ്യക്തമാക്കുന്നത്. ഭൗമീകമായ ഏതു സൗഭാഗ്യത്തിലും ദൈവത്തെ കൂടാതെ നാം ഒന്നുമല്ല എന്ന തിരിച്ചറിവാണ് ഈ ആശ്രയബോധത്തെ നമ്മിൽ ഉണ്ടാക്കുന്നത്. ‘അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവൻ ഓർക്കുന്നു’ (സങ്കീ. 103:14) എന്ന വചനം മനുഷ്യൻ എത്ര നിസ്സാരരാണ് എന്നു കാണിക്കുന്നു. ദൈവത്തിൽ ആശ്രയിച്ച് അവിടുത്തെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുക എന്നതാണ് മനുഷ്യരുടെ നിന്ദയെ അതിജീവിക്കാനുള്ള മാർഗം.
  3. ന്യായത്തോടെ ജീവിച്ചവൾ (ലൂക്കോ: 1:6)
    സമൂഹത്തിൽ അപഹസിക്കപ്പെടുമ്പോൾ ഹൃദയത്തിൽ കൈപ്പുനിറഞ്ഞ് നിഷേധിയായി ജീവിക്കാനാണ് വളരെ സാധ്യതയുണ്ടായിരുന്നത്. എന്നാൽ സമൂഹത്തോട് പുറംതിരിഞ്ഞു ജീവിക്കാൻ എലിസബത്ത് തയ്യാറായില്ല. ജീവിതത്തിൽ ന്യായത്തോടെ ജീവിക്കുന്നതിൽ അവൾ കുറ്റമറ്റവളായിരുന്നു. അന്യായമായി നാം അപഹസിക്കപ്പെടുമ്പോൾ ന്യായത്തോടെ ജീവിക്കുവാൻ എലിസബത്തിനെപ്പോലെ നാം തീരുമാനിക്കേണ്ടതാണ്. ‘തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക’ (റോമർ 12:21) എന്ന ദൈവകൽപ്പന ഇങ്ങനെയാണ് നാം ജീവിതത്തിൽ പ്രായോഗികമാക്കേണ്ടത്.
    നഷ്ടബോധവും, നിസ്സഹായതയും നിന്ദയും ജീവിതത്തെ പൊള്ളുന്ന അനുഭവമാക്കി മാറ്റുമ്പോൾ ദൈവഭക്തയായി എങ്ങനെ ജീവിക്കാം എന്ന പാഠം എലിസബത്ത് എന്ന സ്ത്രീ നമുക്ക് കാണിച്ചു തരുന്നു.