ലോകം അടിമുടി മാറുകയാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ ക്രമങ്ങളെയും കോവിഡ്-19 മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. നിര്‍ണായകമായ മാറ്റങ്ങള്‍ അരങ്ങേറിയ ഒരിടം വിദ്യാഭ്യാസ മേഖലയാണ്. ഒന്നു കളിക്കാനായി പുറത്തിറങ്ങാന്‍ പോലും കഴിയാതായ കുട്ടികളുടെ നിത്യജീവിതത്തില്‍ ഡിജിറ്റല്‍ മീഡിയയുടെ ഉപയോഗം വര്‍ധിച്ചു വന്നിരിക്കുന്നു. കൂടുതല്‍ സമയം ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുളള കുട്ടികളുമൊന്നിച്ചുള്ള കളികള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് സമയം തികയാതെ വരും. കോവിഡ് കാലത്ത് കുട്ടികള്‍ കൂടുതലായി സൈബര്‍ ലോകത്തേക്ക് ആകര്‍ഷിക്കപ്പെട്ടതോടെ സൈബര്‍ ക്രിമിനലുകള്‍ അതിനെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങി. സൈബര്‍ ബുള്ളിയിങ്, ചൈല്‍ഡ് പോണോഗ്രഫി, സെക്സ്റ്റിങ്, സൈബര്‍ സ്റ്റോക്കിങ്, ഓണ്‍ലൈന്‍ സ്‌കാംസ് എന്നിവയാണ് ഇത്തരം പ്രവണതകളില്‍ മുന്‍നിരയില്‍ ഉള്ളത്. ഇന്റര്‍നെറ്റ് മനുഷ്യന്റെ അവശ്യസേവനമായി മാറുന്ന കാലഘട്ടമാണിത്. സമൂഹത്തിന്റെ എല്ലാ തലത്തിലും ഉള്ളതുപോലെ ഇന്റര്‍നെറ്റിലും ധാരാളം ചതികുഴികളുണ്ട്.

കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെയധികം വര്‍ധിച്ചുവരികയാണ്. കുട്ടികള്‍ രക്ഷിതാക്കളേക്കാള്‍ വേഗത്തില്‍ പുതിയ സങ്കേതങ്ങളേപ്പറ്റിയുള്ള അറിവുകള്‍ ആര്‍ജിച്ചെടുക്കും. എന്നാല്‍ അവ വേണ്ടതും വേണ്ടാത്തതുമെന്തെന്ന് കണ്ടെത്തി തിരുത്താന്‍ രക്ഷിതാക്കളും പഠിച്ചിരിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും ബോധവത്കരണം അത്യാവശ്യമാണ്.
നിലവില്‍ ഭൂരിഭാഗം രക്ഷിതാക്കളും ഇന്റര്‍നെറ്റിന്റെ ചതിക്കുഴികളെപ്പറ്റി അധികം ബോധവാന്മാരല്ല. ഇന്റര്‍നെറ്റ് എന്നത് ഇരുതല മൂര്‍ച്ചയുള്ള വാളാണ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്കു വഴി തുറന്നിടും. മൊബൈലുകളില്‍ വീഡിയോ ഗെയിം കളിച്ച് അതില്‍ ആകൃഷ്ടരായ കുട്ടികളെ അതേ മൊബൈലിലേക്ക് തന്നെ പഠനത്തിനായി എത്തിക്കുന്നതും വെല്ലുവിളി തന്നെയാണ്.
ഇന്നത്തെ തലമുറയില്‍ അപകടകാരികളായ പല ഗെയിമുകള്‍ക്കും പിന്നാലെ കുട്ടികള്‍ പോകുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഇത്തരം ഗെയിമുകള്‍ പ്രശ്നക്കാരല്ലെന്ന ചിന്തവേണ്ട. ഗെയിമുകള്‍ കുട്ടികളുടെ ചിന്തയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് തന്നെയാണ് കണ്ടെത്തലുകൾ.
കുട്ടികളുടെ വാശി അവസാനിപ്പിക്കാന്‍ രക്ഷിതാക്കള്‍ ചെയ്യുന്ന എളുപ്പവഴിയാണ് മൊബൈല്‍ ഫോണ്‍ കൊടുക്കുകയാണ്. കുട്ടികളുടെ അമിത മൊബൈല്‍ ഉപയോഗം ഭാവിയില്‍ വന്‍ ദുരന്തത്തിന് വഴിയൊരുക്കം.
ഡിജിറ്റല്‍ ഉപയോഗം കുട്ടികളില്‍ വളരേയധികം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. കൂടുതല്‍ സമയം ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശരീരം ഇളകി ചെയ്യുന്ന കളികള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് സമയം തികയാതെ വരും പരിപാടികള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അമിതമായ ഭക്ഷണം കഴിക്കാന്‍ ഇടയാക്കും. കിടക്കാന്‍ പലപ്പോഴും വൈകും. ചില പരിപാടികള്‍ കുട്ടികളെ അമിതമായി ഉത്തേജിപ്പിക്കുകയും ഉറക്കം വരുന്നത് തടയുകയും ചെയ്യുന്നു.
കുട്ടികള്‍ക്ക് അടച്ചിട്ട മുറികളില്‍ ഇരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം കൊടുക്കരുത്. ഓണ്‍ലൈന്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി സംസാരിച്ചിരിക്കണം. കുട്ടികള്‍ ഫോണിലൂടെ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, പാസ്സ്‌വേര്‍ഡ്, ആപ്ലിക്കേഷനുകള്‍, ഏത് സമയത്താണ് ഫോണ്‍ ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങള്‍ക്ക് മാതാപിതാക്കള്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണം.
മാതാപിതാക്കള്‍ സാങ്കേതിക വിദ്യ അഭ്യസിക്കുകയും പുതിയ സാങ്കേതിക വിദ്യയെയും സംഭവവികാസങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും അറിവുനേടുകയും വേണം. കുഞ്ഞുങ്ങള്‍ക്ക് അറിവു പകര്‍ന്നു കൊടുക്കാനും ഡിജിറ്റല്‍ ലോകത്ത് അവരെ കൈപിടിച്ചു നടത്താനും അത് പ്രയോജനകരമാകും. ഡിജിറ്റല്‍ ലോകത്തെക്കുറിച്ചോ സാങ്കേതിക വിദ്യകളെകുറിച്ചോ അറിവില്ലാത്തതിനാല്‍ കുട്ടികള്‍ ഓണ്‍ലൈനിലും കംപ്യൂട്ടറിലും എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനാകുന്നില്ലെന്ന് പല മാതാപിതാക്കളും പാരാതിപ്പെടുന്നു. ഈ സാഹചര്യത്തില്‍, നിങ്ങളും സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കുകയും അറിവ് നേടുകയും ചെയ്യേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്.