അന്നും പതിവുപോലെ റോണി മുറ്റത്തേക്ക് കളിക്കാനിറങ്ങി. കളിച്ചു കൊണ്ടിരിക്കവേയാണ് അവൻ ആ കാഴ്ച കണ്ടത്. വീടിന്റെ ഒരു ഭാഗത്തായി ഒരു ചിലന്തി വല നെയ്തു കൊണ്ടിരിക്കുന്നു. അവൻ അവിടേക്കു ചെന്നു. വളരെ ഭംഗിയായി വല നെയ്തു കൊണ്ടിരിക്കുന്ന ആ ചിലന്തിയെ കണ്ട് റോണി അതിന്റെ അടുത്തേക്ക് ചെന്നു. പെട്ടെന്നാണ് പി ന്നിൽ നിന്ന് ഒരു വിളി. ‘മോനേ, റോണി….. അങ്ങോട്ടേക്ക് പോകരുത്. ചിലന്തിയുടെ കടിയേറ്റാൽ വിഷമാണ്.’ ഇതു കേട്ടതും അവൻ അതി വേഗത്തിൽ അവിടെ നിന്നും മാറിനിന്നു.
ഓഡിയോ കേൾക്കാം:
ചിലന്തിയുടെ വല കണ്ടു റോണി യെപ്പോലെ നാമും അതിശയിച്ചു പോയിട്ടില്ലേ? ചിലന്തി വല നെയ്യുന്ന രീതി, ചിലന്തിയുടെ ആക്രമണം ഇവയെല്ലാം വ്യത്യസ്തതയേറിയതാണ്. ഈച്ചകളെയും മറ്റു പ്രാണികളെയും ഇരയായി പിടിക്കാൻ ചിലന്തി തന്റെ വല നിർമ്മിക്കുന്നു ഇവയുടെ ശരീരത്തിൽ നിന്നും പുറപ്പെടുന്ന സിൽക്ക് ഉപയോഗിച്ചാണ് വല നിർമ്മിക്കുന്നത്. എല്ലാ ചിലന്തികളും വല ഉപയോഗിച്ചല്ല ഇരകളെ പിടിക്കുന്നത്, മറിച്ച് ചിലത് പ്രാണികൾ വരുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നു.
ചിലന്തി ഒരു വല നിർമ്മിക്കാനായി കുറഞ്ഞത് ഒരു മണിക്കൂറെടുക്കും. സാധാരണയായി എല്ലാ ദിവസവും പുതിയൊരെണ്ണം നിർമ്മിക്കുകയും ചെയ്യുന്നു. ചിലന്തികൾക്ക് എട്ടു കണ്ണുകൾ ഉണ്ടെങ്കിലും അവയ്ക്ക് നന്നായി കാണാൻ കഴിയുകയില്ല.
നമുക്കു ഈ ചെറിയ ചിലന്തിയിൽ നിന്നും അനേകം കാര്യങ്ങൾ പഠിക്കുവാനുണ്ട്. കർത്താവ് പിശാചിനെയും അവന്റെ പ്രവൃത്തികളെയും ചിലന്തിയോടാണ് ഉപമിക്കുന്നത്. ചിലന്തിയെപ്പോലെ പിശാചും തന്ത്രങ്ങളും കെണികളും മെനഞ്ഞു കൊണ്ടേയിരിക്കുന്നു. നമുക്കു തൊട്ടു മുമ്പിൽ തന്നേ സാത്താൻ മനുഷ്യരാശിയെ പിടിക്കാനുള്ള വല നെയ്തു കൊണ്ടിരിക്കുകയാണ്. പല ആളുകളും ഇന്നു ചിലന്തിവല കൊണ്ടു മൂടി തിരിച്ചറിയാനാവാത്ത വിധം അകപ്പെട്ടു പോയിരിക്കുന്നു.
ഒരു പുതിയ കെട്ടിടം പണിതു കഴിഞ്ഞാൽ അതിന്റെ അടുത്ത ദിവസം തന്നെ ചിലന്തികൾ വല കെട്ടാനായി തുടങ്ങും. കെട്ടിടം പുതിയതാണെന്നോ, അതു വൃത്തിയായി കിടക്കണമെന്നോ ഉള്ള ചിന്ത അവർക്ക് ഒരിക്കലുമുണ്ടാകില്ല. എന്നാൽ അവയെ നീക്കം ചെയ്യാതെ മുമ്പോട്ടു പോയാൽ ചില നാളുകൾ കഴിയുമ്പോൾ ഏറിയ ഭാഗവും വല കൊണ്ട് മൂടി വൃത്തിഹീനമായി തീരും.
ചിലന്തികളുടെ ആക്രമണരീതിയും എടുത്തു പറയേണ്ട ഒന്നാണ്. മണിക്കൂറുകൾക്കുള്ളിൽ നിർമ്മിക്കപ്പെടുന്ന ആകർഷകമായ വലകളാണ് ഇരകളെ പിടിക്കാൻ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വലകൾ നെയ്ത് ഇരയ്ക്കായി കാത്തിരിക്കുന്നു. പുറമെ നിന്നും ആകർഷകമായി തോന്നുന്ന ഈ വലയിലേക്ക് പ്രാണികൾ അകപ്പെടുന്നു. പിന്നീട് പുറത്തേക്കു പോകുവാൻ കഴിയാതെ അവയുടെ ജീവിതം അവസാനിക്കുന്നു. ലോകവും ഇങ്ങനെ തന്നെയാണ്. ആകർഷകങ്ങളായ കെണികൾ നെയ്ത് ഇരകൾക്കായി കാത്തിരിക്കുകയാണ്. സത്യമറിയാതെ ആളുകൾ കെണിയിലകപ്പെടുകയും ചെയ്യുന്നു. കെണിയിലക പ്പെടുന്ന ഇത്തരം ആളുകൾ ഇവ യെല്ലാം പിശാചിന്റെ തന്ത്രങ്ങളാണെന്ന് അറിഞ്ഞു വരുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാവും.
ഒരു ചിലന്തി തന്റെ വലയ്ക്ക് ഏതെങ്കിലും വിധത്തിൽ കേടുപാടുകൾ ഉണ്ടായാൽ അതു വീണ്ടും നെയ്യുന്നതായി കാണാം. ഉടനടി തന്നേ നിർമ്മാണം പൂർത്തിയാക്കുന്നു. ചിലന്തി ഒരിക്കലും തന്റെ ശ്രമം ഉപേക്ഷിക്കുന്നില്ല. പിശാചും ഇങ്ങനെ തന്നെയാണ്. അവൻ എപ്പോഴും ആളുകളെ കുടുക്കാനായി ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്. വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് പിശാച്.
നമുക്ക് എന്താണ് ചെയ്യാൻ കഴിയുക? നാം നമ്മുടെ ജീവിതം ശ്രദ്ധയോടെ മുമ്പോട്ടു കൊണ്ടുപോകണം. നമ്മുടെ ജീവിതത്തിൽ പിശാചിന് വല നെയ്യാനായി ഇടം നൽകാതെയിരിക്കുക. ചിലന്തിയെപ്പോലെ പിശാചും പ്രവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ട് നാം തന്നേ നമ്മെ വൃത്തിയായി സൂക്ഷിക്കുക. ഒരു വീട്ടമ്മ വീട് വൃത്തിയായി സൂക്ഷിക്കുംപോലെ നമ്മിലുള്ള വലകളെ നീക്കി ശുദ്ധിയാക്കുക.
[ജെസ്‌ലിൻ ജോൺസൻ]