ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാനും ധന്യമാക്കുവാനും ദൈവം മാനവര്‍ക്കു നല്കിയ അനുഗ്രഹീത വരമാണ് ആശയവിനിമയം (communication). നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആശയവിനിമയത്തിന്റെ പ്രസക്തി മനസിലാക്കി വേണ്ടതുപോലെ കൈകാര്യം ചെയ്യുന്നതില്‍ നാം വിജയിക്കുന്നുണ്ടോ?

Constructive Communication / Family(Fanny Stanly)

ചില ഉദാഹരണങ്ങള്‍ നോക്കാം:

”നിന്നെക്കൊണ്ടെന്താ ഉപകാരം?”
”അല്ലെങ്കിലും നീ ഒന്നും ചെയ്താല്‍ ശരിയാവില്ല”
”അല്ലെങ്കിലും നീ എപ്പോഴും ഇങ്ങനെയാ”
”അല്ലെങ്കിലും നിനക്കവരോടാണിഷ്ടം”
ഇപ്രകാരമുള്ള വിധിനിര്‍ണ്ണയങ്ങള്‍ നാം പരസ്പരം നടത്താറുണ്ട്. നമ്മുടെ വാക്കുകള്‍ മറ്റുള്ളവരുടെ വ്യക്തിത്വരൂപീകരണത്തില്‍ എന്തുമാത്രം പങ്കുവഹിക്കുന്നുവെന്നു നാം വേണ്ടത്ര ഗൗനിക്കാറില്ല.
നമ്മുടെ ആശയവിനിമയരീതികളെ പരമാര്‍ത്ഥമായി വിലയിരുത്തുവാനും ആശയവിനിമയം പരമാവധി ഫലപ്രദമാക്കുവാനും സഹായകരമായ ചിന്തകളാണ് ഈ ലേഖനത്തിലൂടെ പങ്കുവെക്കുവാന്‍ ആഗ്രഹിക്കുന്നത്.

ആശയവിനിമയത്തിന്റെ ഉപജ്ഞാതാവ്

ദൈവമാണ് ആശയവിനിമയത്തിന്റെ ഉപജ്ഞാതാവ്. ”ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്‍ മുഖാന്തരം അരുളി ച്ചെയ്തിരിക്കുന്നു” (എബ്രാ:1:1,2).

ക്രിസ്തീയ ആശയവിനിമയത്തിന്റെ ഉദ്ദേശ്യം

ലോകമനുഷ്യരുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ക്രിസ്തീയമായ ആശയവിനിമയത്തിന്റെ ഉദ്ദേശ്യങ്ങള്‍:

  • പിതാവാം ദൈവം മഹിമ പ്പെടുവാന്‍ (കൊലോ:3:17).
  • രക്ഷയുടെ ദൂത് പ്രഘോഷിക്കാന്‍ (റോമ:10:1).
  • ദൈവമക്കളുടെ പരസ്പര ആത്മീ ക വര്‍ദ്ധനയ്ക്കായി (എഫെ:4:29).
  • വ്യക്തികളെ വേണ്ടതുപോലെ അടുത്തറിയുവാന്‍ (ഗലാ:6:2).

ആശയവിനിമയത്തിന്റെ നാല് അവസ്ഥകള്‍

ആലങ്കാരികം (hai-bye): പരിചയമുള്ള ഒരു വ്യക്തിയെ വഴിയില്‍ വെച്ചു കാണുമ്പോള്‍ ഹായ്, ബൈ എന്നു പറയുന്നു.
റിപ്പോര്‍ട്ട് ചെയ്യുക (share information): ചില അറിവുകള്‍, സംഭവങ്ങള്‍ എന്നിവ പങ്കുവെക്കുക.
വികാരങ്ങള്‍ പങ്കുവെക്കുക (share feelings): ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതിനോടനുബന്ധിച്ചുണ്ടാകുന്ന വികാരങ്ങള്‍ നാം മറ്റുള്ളവരുമായി പങ്കുവെക്കുന്നു. അഭിപ്രായങ്ങള്‍ ഒന്നും പറയാതെതന്നെ വികാരങ്ങള്‍ പങ്കുവെക്കുവാന്‍ കഴിയും.
സുതാര്യത (transparency): തന്റേതായ അഭിപ്രായം, ആശങ്ക, ആഗ്രഹങ്ങള്‍, ബലഹീനതകള്‍, സമര്‍പ്പണം, കഴിവുകള്‍, ജീവിത ലക്ഷ്യങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ പങ്കുവെക്കുന്നു.

എല്ലാ വ്യക്തികളോടും നാം ഒരേ നിലയില്‍ ആശയവിനിമയം ചെയ്യാറില്ല. മനസ്സില്‍ ഏറ്റവും അടുപ്പം തോന്നുന്ന വ്യക്തികളോടു മാത്രമേ സുതാര്യമായ ആശയവിനിമയം നടത്താറുള്ളൂ. ദൈവത്തോട് സുതാര്യമായ ആശയവിനിമയം നടത്തുന്നത് നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുന്നു.

ആശയവിനിമയം വിനാശകരമാകുന്നതെപ്പോള്‍?

അപവാദം: ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നതാണ് അപവാദം. ഉദാ: ഒരു പുരുഷനോടൊപ്പം പതിവില്ലാതെ ഒരു സ്ത്രീ ബൈക്കില്‍ യാത്ര ചെയ്യുന്നു. അദ്ദേഹത്തെ പരിചയമുള്ള ഒരു വ്യക്തി ഇത് കണ്ടിട്ട് അപരനോട് പറയുന്നു, ”കണ്ടില്ലേ? അങ്ങേര് ഇപ്പോള്‍ അവളുടെ കൂടെയാ…”. അപവാദം പറയുന്നത് അത്യന്തം വിനാശകരമാണ്. വാസ്തവത്തില്‍ നമ്മുടെ നാക്കിന് കടിഞ്ഞാണിടുവാന്‍ നാം പരിശീലിക്കണം. ”ഭോഷ്‌ക്ക് ഉപേക്ഷിച്ച് ഓരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിന്‍. നാം തമ്മില്‍ അവയവങ്ങളല്ലോ” (എഫെ:4:25). ക്രിസ്തീയ ആശയവിനി മയത്തില്‍ പാലിക്കപ്പെടേണ്ട കാതലായ പ്രമാണമാണിത്. കലര്‍പ്പില്ലാതെ കാര്യങ്ങള്‍ പറയുവാന്‍ നാം നിരന്തരമായി പരിശ്രമിച്ചാല്‍ അതു നമ്മുടെ ശീലമാക്കാം.

വിധിക്കുക: ചില കാര്യങ്ങളുടെ ശരി, തെറ്റ്, നന്മതിന്മ, യോഗ്യത, പര്യാപ്തത എന്നിവ വിലയിരുത്തുന്ന താണ് വിധി.

വിധിക്കുന്നത് തെറ്റാകുന്നതെപ്പോള്‍?

  • എന്തെങ്കിലും ഒന്നു കണ്ടതിനെ ആസ്പദമാക്കി വിധിക്കുക.
  • ഒരു ഭാഗം മാത്രം കേട്ട് വിധിക്കുക.
  • അപരന്റെ നല്ല ഉദ്ദേശങ്ങളെ വിധിക്കുക. ഉദാ: ‘അവന്റെ ചില കാര്യങ്ങള്‍ സാധിച്ചുകിട്ടുവാനാണ് ഈ ധനസഹായം ചെയ്യുന്നത്, മനസ്സലിവുണ്ടായിട്ടൊന്നുമില്ല.’

നിരന്തരമായി അപരനെ തെറ്റായി വിധിക്കുമ്പോള്‍ നമുക്ക് എന്തു സംഭവിക്കുന്നു?

  • നാം ഇടുങ്ങിയ മനസ്സുള്ളവ രായിത്തീരുന്നു.
  • മറ്റുള്ളവര്‍ക്കു നാം ഒരു ഇടര്‍ച്ചയായിത്തീരുന്നു.
  • വ്യക്തിജീവിതങ്ങളെ തകര്‍ക്കുന്നു.

കൃത്യമായ, വ്യക്തമായ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടു വേണം നാം കാര്യങ്ങളെ വിലയിരുത്തേണ്ടത്. ഊഹോപോഹങ്ങളെ അടി സ്ഥാനപ്പെടുത്തി അപരനെ വിധിക്കുന്ന ശൈലി നമുക്കുണ്ടെങ്കില്‍ അത് മാറ്റിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഏതൊരു വിജയത്തിന്റെയും കാരണക്കാരന്‍ ഞാനാണ് (I am the man behind any success). ഈ ഒരു മനോഭാവവും സംസാരരീതിയും നമുക്കുണ്ടെങ്കില്‍ അതൊരു മാനസിക വൈകല്യമാണെന്നു നാം തിരിച്ചറിയണം. ഈ ശൈലി കേള്‍ക്കുന്നവര്‍ക്കു അരോചകമാണ്. കൂട്ടായ ഒരു പ്രയത്നത്തിന്റെ വിജയത്തില്‍ മറ്റുള്ളവരുടെ പങ്ക് അംഗീകരിച്ചുകൊണ്ട് അവര്‍ക്ക് അര്‍ഹിക്കുന്ന മാനം കൊടുക്കുന്നത് നമ്മുടെ വിജയമാണ്.

ക്രിയാത്മകമായ ആശയവിനിമയം (Constructive communication)

ഫലപ്രദമായ ആശയവിനിമയ ത്തിനു വേണ്ടതായ നിര്‍ദ്ദേശങ്ങള്‍ തിരുവെഴുത്ത് നമുക്കു തരുന്നുണ്ട്.

  • കേള്‍ക്കുക (listening) (യാക്കോ:1:19): ഒരു വ്യക്തിയെ നാം ശ്രവിക്കുമ്പോ ള്‍ ആ വ്യക്തിയെ വിലമതിക്കുന്നു എന്നാണ് നാം അര്‍ത്ഥമാക്കുന്നത്. ആ വ്യക്തി പറയുന്നത് മുഴുവന്‍ ശ്രദ്ധിക്കണം (ബദ്ധശ്രദ്ധ). വ്യക്തിയുടെ മുഖ ത്തേക്ക് നോക്കണം. പെട്ടെന്ന് അഭി പ്രായങ്ങളിലേക്ക് എടുത്തുചാടരുത്. അത് ആ വ്യക്തിയുടേത് മാത്രമായ അനുഭവമാണന്നു തിരിച്ചറിയുക.
  • ദൃഢപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിക്കുക (words of affirmation)
  • അഭിനന്ദിക്കുക (words of appreciation)
  • ദയയോടെ സംസാരിക്കുക (kind of words)
  • വിനയപൂര്‍വ്വം സംസാരിക്കുക (humble words)
  • പ്രോത്സാഹിപ്പിക്കുക അഥവാ ഒരു പടി ഉയരുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുക (words of encouragement) – ഇപ്രകാരമുള്ള സംസാരരീതി മറ്റ് വ്യക്തികളുടെ വളര്‍ച്ചയ്ക്ക് സഹായകരമാകും.
  • യഥാസ്ഥാനപ്പെടുത്തുക (ഗലാ: 6:1). ഒരു വ്യക്തി തെറ്റില്‍ അകപ്പെടുകയോ അകപ്പെടുവാന്‍ പോകുകയോ ചെയ്യുന്നുണ്ടെന്നു ബോദ്ധ്യപ്പെട്ടാല്‍ ആ വ്യക്തിയെ സൗമ്യതയുടെ ആത്മാവില്‍ യഥാസ്ഥാനപ്പെടുത്തണം. ആദ്യം ആ വ്യക്തിക്കുവേണ്ടി പ്രര്‍ത്ഥിക്കുക. ആ വ്യക്തിയെ നമ്മുടെ വാക്കുകൊണ്ട് തകര്‍ക്കുകയല്ല പകരം വളര്‍ത്തണമെന്നായിരിക്കണം നമ്മുടെ വാഞ്ഛ. വളരെ പ്രാര്‍ത്ഥനയോടെ വേണം ഈ ശുശ്രൂഷ ചെയ്യുവാന്‍. തിരുത്തപ്പെടുവാന്‍ ആര്‍ക്കും ഇഷ്ടമല്ല.
  • മൃദുവായ പ്രതികരണം (soft answers). ഒരു വ്യക്തി കോപത്താടെ പറയുന്ന വാക്കുകള്‍ക്ക് പ്രതികരിക്കാതിരിക്കുക. വാക്കുകളേക്കാളുപരി എന്താണ് കോപത്തിനു പ്രേരിപ്പിച്ചതെ ന്നു തിരിച്ചറിയുവാന്‍ ശ്രമിക്കുക. ‘മൃദുവായ ഉത്തരം കോപത്തെ ശമിപ്പിക്കുന്നു’.
  • ഏതവസ്ഥയിലും ദൈവത്തെ സ്തുതിക്കുക (സങ്കീ: 34:1). ജീവിത ത്തിന്റെ ഏതവസ്ഥയിലും ദൈവത്തെ സ്തുതിക്കുവാന്‍ നമുക്കു കഴിഞ്ഞാല്‍ നമ്മുടെ ജീവിതം ധന്യമായി.

വ്യക്തിപരമായ തിരുത്തലുകള്‍ നാം എങ്ങനെ സ്വീകരിക്കുന്നു?

അഭിന്ദനങ്ങള്‍ സ്വീകരിക്കുവാന്‍ നമുക്കേവര്‍ക്കും ഇഷ്ടമാണ്. പക്ഷേ തിരുത്തലുകള്‍ സ്വതവേ നാം വെറുക്കുന്നു. അഭിനന്ദനത്തോടൊപ്പം തിരുത്തലുകളും സ്വീകരിച്ചാലേ ക്രിസ്തീയജീവിതത്തില്‍ നാം വളരുകയുള്ളൂ എന്നു തിരിച്ചറിയണം. നമ്മുടെ ജീവിതം പണിയുന്നതിനു നമ്മുടെ തെറ്റുകള്‍ വ്യക്തിപരമായി യഥാസമയം തിരുത്തുന്ന ചുരുക്കം ചില വ്യക്തികള്‍ ഗണ്യമായി പങ്ക് വഹിച്ചിട്ടുണ്ടെന്നു നന്ദിയോടെ ഓര്‍ക്കാം.
വ്യക്തിപരമായി നമ്മെ തിരുത്തുന്നവരോട് നാം എപ്രകാരം പ്രതികരിക്കണം.?.

  • നമ്മെ തിരുത്തുന്ന വ്യക്തിയുടെ മുഖത്തേക്ക് നോക്കുക.
  • അസൂയകൊണ്ടാണ് ആ വ്യക്തി പറയുന്നതെന്ന മുന്‍വിധി മാറ്റുക.
  • പരിഹാസത്തോടെ വീക്ഷിക്കാതിരിക്കുക.
  • വ്യക്തി പറഞ്ഞു തീര്‍ന്നതിനു ശേഷം പ്രതികരിക്കുക.
  • ആ വ്യക്തി പറഞ്ഞതില്‍ വാസ്തവമുണ്ടോയെന്ന് ആത്മാര്‍ത്ഥമായി വിലയിരുത്തുക.
  • കുറവുകളുണ്ടെന്നു ബോദ്ധ്യ പ്പെട്ടാല്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുക.
  • തെറ്റിദ്ധാരണയെന്നു ബോദ്ധ്യ പ്പെട്ടാല്‍ കാര്യങ്ങള്‍ വ്യക്തമാക്കുക.
  • ഇരുവരും പ്രാര്‍ത്ഥിച്ച് കൂട്ടായ്മ പുതുക്കിക്കൊണ്ട് പിരിയുക.

ഇങ്ങനെ ആശയവിനിമയത്തിലൂടെ ദൈവനാമം മഹിമപ്പെടുവാന്‍ നമ്മുടെ നാവുകളെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കാം.

[ഫാനി സ്റ്റാൻലി]