വീണ്ടും ഒരു ക്രിസ്മസ് കാലം കൂടി വന്നെത്തി. ലോകരക്ഷകനായ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിക്കുന്ന ക്രിസ്മസ് വരവേൽക്കുവാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. പുൽക്കൂട് ഒരുക്കിയും നക്ഷത്ര വിളക്കുകൾ തെളിയിച്ചും വർണ്ണശബളമായ ലൈറ്റുകൾ ചാർത്തിയും വീടുകളും വഴിയോരങ്ങളും വർണാഭമായിരിക്കുന്നു. ദേവാലയങ്ങളിൽ ഡിസംബർ ആദ്യവാരത്തോടെ ക്രിസ്മസിനുള്ള ഒരുക്കം തുടങ്ങി കഴിഞ്ഞു. യേശുക്രിസ്തുവിൻ്റെ ജനനത്തെ ഉദ്ഘോഷിക്കുന്ന ഈ ആഘോഷത്തിൽ ക്രൈസ്തവർ അടക്കം മിക്ക മതവിഭാഗങ്ങളും പങ്കാളികളാകുന്നത് വേറിട്ട ഒരു കാഴ്ച തന്നെയാണ്. ക്രൈസ്തവ ഭൂരിപക്ഷം കുറവുള്ള രാജ്യങ്ങളിൽ പോലും ക്രിസ്മസ് ആഘോഷിക്കപ്പെടുന്നുണ്ട്. പല ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്രിസ്മസിനോട് അനുബന്ധിച്ച് നിലനില്ക്കുന്നുണ്ട്. ക്രിസ്മസ് ട്രീയും സാൻ്റാ ക്ലോസും ഇതിൻ്റെ ഭാഗമായി കടന്നു കൂടിയതാണ്.

ലോകമെമ്പാടും ഇത്രയേറെ ആഘോഷമാക്കുന്ന യേശു ക്രിസ്‌തുവിൻ്റെ ജനനത്തിൻ്റെ പ്രസക്തി എന്താണെന്ന് ഇനിയും അനേകർ തിരിച്ചറിഞ്ഞിട്ടില്ല. ഒരു പുണ്യപുരുഷൻ്റെ ജനനദിവസം എന്നതിനേക്കാൾ ക്രിസ്തുവിൻ്റെ ജനനത്തിൻ്റെ പ്രാധാന്യവും ദൈവീക ഉദ്ദേശവും മനസ്സിലാക്കാതെ പോകുന്നത് ഖേദകരമാണ്.
ക്രിസ്തു ലോക രക്ഷിതാവാണ്. പിതാവായ ദൈവം തൻ്റെ പുത്രനായ ക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചു. ദൈവമായിരുന്ന ക്രിസ്തു, മനുഷ്യാവതാരമെടുത്ത് ഈ ലോകത്തിലേക്കു വന്നത് പാപികളായ മനുഷ്യർക്ക് നിത്യരക്ഷ ഒരുക്കുവാൻ വേണ്ടിയായിരുന്നു. സാധാരണ ഒരു വ്യക്തിയെ പോലെ ഈ ലോകത്തിൽ ജനിച്ച് എന്തെങ്കിലും അത്ഭുതങ്ങളും അടയാളങ്ങളും നടത്തി, അല്പം സാരോപദേശങ്ങളും നല്കി ജീവിതം തീർത്ത ഒരു വ്യക്തിയല്ല ക്രിസ്തു. ക്രൈസ്തവരുടെ ഇടയിൽ പോലും ഭൗതീക ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു വ്യക്തിയായി മാത്രം ക്രിസ്തുവിനെ കാണുന്നത് ആത്മീക അരാജകത്വം എന്നേ പറയാനാകൂ. ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്തുവാൻ കഴിയും. എന്നാൽ ലോകചരിത്രത്തിൽ പാപം എന്ന മാരകവിപത്തിന് പരിഹാരം വരുത്തുവാൻ കർത്താവായ യേശുക്രിസ്തുവിനു മാത്രമേ കഴിഞ്ഞിട്ടുള്ളു. സ്തോത്രം!!! പാപമോചനം ക്രിസ്തു തരുന്നു.
പാപം മനുഷ്യനെ നശിപ്പിക്കും, പാപം മനുഷ്യനെ തകർത്തുകളയും, പാപം മനുഷ്യൻ്റെ സ്വസ്ഥത നഷ്ടപ്പെടുത്തും. പാപത്തിന്റെ ശമ്പളം മരണമത്രേ (റോമ:6:23). മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്തുവാൻ വേണ്ടിയാണ് ക്രിസ്തു ക്രൂശിൽ മരിച്ചത്. നാം ഓരോരുത്തരും മരിക്കേണ്ട സ്ഥാനത്ത് ക്രിസ്തു നമുക്ക് പകരമായി മരണം ഏറ്റെടുത്തു. ആർക്കും ആരുടെയും പകരക്കാരാകാൻ കഴിയില്ല, നമ്മുടെ പകരക്കാരനാകാൻ ക്രിസ്തുവിനു മാത്രമേ സാധിക്കുകയുള്ളൂ. അസന്തുഷ്ടിയും അസമാധാനവും തിങ്ങിനിറഞ്ഞ ഹൃദയത്തിൽ, യേശു ക്രിസ്തുവിൻ്റെ മരണ പുനരുത്ഥാനങ്ങളിൽ വിശ്വസിച്ച്, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്ന വ്യക്തി ദൈവമകൻ/ മകളായി തീരും. അവർക്ക് നിത്യസമാധാനം കൈവരികയായി. ക്രിസ്തുവിലൂടെ ലഭിക്കുന്ന രക്ഷ ഈ ലോകം കൊണ്ട് അവസാനിക്കുന്നില്ല, അത് നിത്യത വരെ തുടരുന്നതാണ്.
തൻ്റെ സ്വന്ത പുത്രനെ നമുക്കു വേണ്ടി വിട്ടുതരുവാൻ പിതാവായ ദൈവത്തിനു തോന്നിയതു നമ്മോടുള്ള അവിടുത്തെ അചഞ്ചലമായ സ്നേഹമായിരുന്നു. തൻ്റെ സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കും വേണ്ടി ഏല്പിച്ചു തന്ന (റോമ: 8:32) ദൈവസ്നേഹത്തെക്കുറിച്ച് പൗലോസ് അപ്പോസ്തോലൻ വ്യക്തമാക്കുന്നുണ്ട്. ദൈവം സ്നേഹമാണ്. സ്നേഹം എന്ന ആ പരമമായ സത്യത്തിലേക്കുള്ള ഏക വഴി ലോക രക്ഷകനായ കർത്താവായ യേശുക്രിസ്തു തന്നെയാണ്. പിതാവായ ദൈവം ലോകത്തിനു നല്കിയ ഏറ്റവും വലിയ സമ്മാനമാണ് ക്രിസ്തു. ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുന്ന ദാനങ്ങളെക്കുറിച്ചാണ് (Gifts) ക്രിസ്തീയ സോദരി ഈ ലക്കം വായനക്കാരുമായി പങ്ക് വെക്കുന്നത്.
നവ്യാനുഭൂതി ഉളവാക്കുന്ന ഈ ആഘോഷവേളയിൽ ഇത്തരം ചിന്തകളാൽ മുഖരിതമാകട്ടെ നമ്മുടെ ഹൃദയവും.






